ജക്കാർത്ത- ഇന്ത്യ പസഫിക് മേഖലയുമായി ബന്ധപ്പെടുന്ന തന്ത്രപ്രധാനമായ 15 കരാറുകളിൽ ഒപ്പു വച്ച് ഇന്ത്യയും ഇന്തോനേഷ്യയും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് കരാറുകൾ ഒപ്പുവച്ചിരിക്കുന്നത്. സമുദ്ര, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനു മുന്നോടിയായി ആയിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. പ്രാദേശിക, ആഗോള പ്രശ്‌നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. പരസ്പര പങ്കാളികളും അയൽവാസികളും ആയതിനാൽ നമ്മുടെ ആശങ്കകളും ഒന്നു തന്നെയാണ്. സമുദ്ര സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സമ്പദ് വ്യവസ്ഥയുടെ സുരക്ഷയ്ക്കും ഇത് അത്യാവശ്യമാണ്- പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രതിരോധ, ബഹിരാകാശ, ശാസ്ത്ര. സാങ്കേതിക, റെയിൽവേ, ആരോഗ്യ രംഗങ്ങളുൾപ്പെടെയുള്ള മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നവയാണ് ഒപ്പുവച്ച 15 കരാറുകൾ.
ഇന്തോനേഷ്യ ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തിന് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്തോനേഷ്യയിലുണ്ടായ ഭീകരാക്രമണങ്ങൾ അപലപിച്ച മോഡി, ഇന്ത്യയും സമാന ഭീഷണി നേരിടുന്നുവെന്നും പറഞ്ഞു. നരേന്ദ്ര മോഡിയും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വി ഡോഡോയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാവിലെയായിരുന്നു ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ച. ഇന്ത്യ ഇന്തോനേഷ്യ വാണിജ്യ സഹകരണം വിപുലപ്പെടുത്തുമെന്നും. 50 ബില്യൺ ഡോളറിന്റെ പുതിയ പദ്ധതികൾക്ക് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
അഞ്ച് ദിവസത്തെ ആസിയാൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മോഡി ഇന്തോനേഷ്യയിലെത്തിയത്. ഇന്ന് മലേഷ്യയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച്ച സിംഗപ്പൂരും സന്ദർശിക്കും. ആസിയാൻ രാജ്യങ്ങളുമായുള്ള വാണിജ്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യം.