കൊല്‍ക്കത്ത-പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ബെഗുങ്കോദര്‍. ഇവിടെയുള്ള റെയില്‍വേ സ്റ്റേഷനില്‍ പ്രേതബാധയുണ്ടെന്ന് കരുതി രാത്രി സമയങ്ങളില്‍ ആരും പോകാറില്ല. 1960ലാണ് ബെഗുങ്കോദര്‍ റെയില്‍വേ സ്റ്റേഷന്‍ പണികഴിപ്പിച്ചത്. രാജ്ഞിയായ ലച്ചന്‍ കുമാരിയും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷന്‍ പണികഴിപ്പിച്ചത്.
പ്രവര്‍ത്തനം ആരംഭിച്ച് ആറ് വര്‍ഷത്തോളം കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ 1967ല്‍ സ്റ്റേഷനില്‍ പ്രേതബാധ കണ്ടെത്തി. ഒരു സ്ത്രീയുടെ പ്രേതത്തെ സ്റ്റേഷനിലെ ജീവനക്കാരനാണ് ആദ്യമായി കണ്ടത്. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതമാണ് ഇതെന്നായിരുന്നു വിശ്വാസം. എന്നാല്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പ്രേതത്തെ കണ്ടെന്ന വിവരം ഗ്രാമീണര്‍ വിശ്വസിച്ചില്ല. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, സ്റ്റേഷന്‍ മാസ്റ്ററെയും കുടുംബാംഗങ്ങളെയും അവരുടെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ ഗ്രാമവാസികള്‍ പ്രേതത്തെ വിശ്വസിക്കാന്‍ ആരംഭിച്ചു.
ഈ സംഭവത്തിന് ശേഷം ബെഗുങ്കോദര്‍ സ്റ്റേഷന്‍ വിജനമായി. പകല്‍ പോലും ഇവിടെ എത്താന്‍ ആളുകള്‍ ഭയന്നു. തുടര്‍ന്ന് ആളില്ലാതായതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനം അവസാനിച്ചു. ഈ ഭയം മാറ്റാന്‍ 2009ല്‍ മമത ബാനര്‍ജി കേന്ദ്ര റെയില്‍വേ മന്ത്രി ആകേണ്ടി വന്നു. ഇതിന് മുന്‍പേ 1990കളില്‍ സ്റ്റേഷന്‍ തുറക്കണമെന്ന് നാട്ടുകാരുടെ ഇടയില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. 2009 ഓഗസ്റ്റില്‍ സ്റ്റേഷന്‍ വീണ്ടും തുറന്നു. 42 വര്‍ഷത്തിനു ശേഷം സ്റ്റേഷന്‍ തുറന്നെങ്കിലും ഇന്നും സൂര്യാസ്തമയത്തിനു ശേഷം ആളുകള്‍ ബെഗങ്കോഡോര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പോകാറില്ല. പ്രേതബാധയുള്ള സ്റ്റേഷന്‍ എന്ന പേരിലാണ് ഇപ്പോഴും ഇവിടം അറിയപ്പെടുന്നത്.