റിയാദ് - ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളുടെ രണ്ടാം റൗണ്ടിലേക്ക് 2116 പേർ യോഗ്യത നേടിയതായി അതോറിറ്റി അറിയിച്ചു. ആദ്യ റൗണ്ടിൽ 50,000 ലേറെ മത്സരാർഥികൾ പങ്കെടുത്തു. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി അഞ്ചു വയസ്സുകാരനും ഏറ്റവും കൂടിയ പ്രായമുള്ള മത്സരാർഥി 104 വയസ്സുകാരനുമായിരുന്നെന്നും അതോറിറ്റി പറഞ്ഞു. ഇത്തവണ 165 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുകയും ആദ്യ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മത്സര വിജയികൾക്ക് ആകെ 1.2 കോടി റിയാൽ കാഷ് പ്രൈസ് ആയി വിതരണം ചെയ്യും.
ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം ആണ് 'ഉത്‌റുൽകലാം' എന്ന് പേരിട്ട പരിപാടി. ലോകത്ത് ഇത്തരത്തിൽപെട്ട ഏറ്റവും വലിയ മത്സരവുമാണിത്. നാലു ഘട്ടങ്ങളായാണ് മത്സരം നടത്തുന്നത്. ആദ്യ റൗണ്ടിൽ ഓൺലൈൻ രജിസ്‌ട്രേഷനും ഖുർആൻ പാരായണ, ബാങ്ക് വിളി വോയ്‌സ് ക്ലിപ്പിംഗുകൾ അപ്‌ലോഡ് ചെയ്യലുമാണ് പൂർത്തിയായത്. ജഡ്ജിംഗ് കമ്മിറ്റികൾ വോയ്‌സ് ക്ലിപ്പുകൾ പരിശോധിച്ചാണ് മത്സരാർഥികളിൽ നിന്ന് യോഗ്യരായ 2116 പേരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തിൽ മത്സരാർഥികൾ പുതിയ വോയ്‌സ് ക്ലിപ്പിംഗുകൾ സമർപ്പിക്കണം. ഇവ വിലയിരുത്തിയാണ് മൂന്നാം റൗണ്ടിലേക്കുള്ളവരെ ജഡ്ജിംഗ് കമ്മിറ്റികൾ തെരഞ്ഞെടുക്കുക. മത്സര ഘട്ടങ്ങൾക്കനുസരിച്ച് മൂല്യനിർണയ മാനദണ്ഡങ്ങൾ ഉയരും. മൂന്നാം റൗണ്ടിൽ നിന്ന് ഏറ്റവും മികച്ച മത്സരാർഥികളെ ഫൈനൽ ആയ നാലാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. സൗദിയിൽ നടക്കുന്ന ഫൈനൽ മത്സരം അടുത്ത റമദാനിൽ എം.ബി.സി ചാനലും ശാഹിദ് ആപ്പും വഴി സംപ്രേഷണം ചെയ്യും.