ന്യൂദല്‍ഹി- കടക്കെണിയില്‍ മുങ്ങിപ്പറക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വന്തം വിമാന കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പനയ്ക്കു വച്ചിട്ട് ഇതുവരെ ആരും വാങ്ങാന്‍ എത്തിയില്ല. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്നോട്ടു വരാന്‍ അനുവദിച്ച അവസാന തീയതി നാളെ തീരും. എന്നാല്‍ ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ച് ആരും സര്‍ക്കാരിനെ സമീപിച്ചില്ലെന്നാണ് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബെ പറഞ്ഞത്. എങ്കിലും അവസാന മണിക്കൂറുകളില്‍ താല്‍പര്യമുള്ളവര്‍ കൂട്ടമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും എത്തിയാലും ഇല്ലെങ്കിലും സമയപരിധി ഇനി നീട്ടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യമുള്ള കമ്പനികള്‍ക്ക് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 14 ആയിരുന്നു. ആരും വാങ്ങാന്‍ എത്താത്തതിനാല്‍ ഇതു പിന്നീട് മേയ് 31 ആക്കി നീട്ടുകയായിരുന്നു.
നഷ്ടത്തിലായ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും സ്വകാര്യ കമ്പനികള്‍ക്കു വില്‍ക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 28-നാണ് അവതരിപ്പിച്ചത്. എയര്‍ ഇന്ത്യയ്ക്കു പുറമെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപസ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സിങ്കപൂര്‍ കമ്പനിയുമായുള്ള സംയുക്ത സംരഭമായ എയര്‍ ഇന്ത്യ സാറ്റ്‌സ് ലിമിറ്റിഡ് എന്നിവയും വില്‍പ്പനയ്ക്കു വച്ചവയില്‍ ഉള്‍പ്പെടും.