സകാക- അല്‍ ജൗഫില്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന ഒട്ടകമേളക്ക് നാളെ തുടക്കം. ഫൈസല്‍ ബിന്‍ നവാഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. അല്‍ജൗഫ് മേഖല ഒട്ടക ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ഒട്ടക ലേലത്തിന്റെ ആദ്യ പതിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അല്‍ജൗഫ്-ഹായില്‍ റോഡിലെ നഫുദ് ലേജില്‍ 10 ദിവസം നീണ്ടുനില്‍ക്കും.
ലേലം വിളിക്കുന്നതിനുള്ള ഫീല്‍ഡ് പൂര്‍ത്തിയായി. ലൈറ്റിംഗ്, വൈദ്യുതി ജോലികളും പൂര്‍ത്തിയായായി. ക്യാമ്പുകളും വിവിധ സൈറ്റുകളും സജ്ജീകരിക്കുന്നതിനായി മാസങ്ങളോളം ഇവിടെ ജോലി തുടരുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടകപ്രേമികള്‍ ഇവിടെ എത്തിച്ചേരും.
ലേലത്തിനെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ അല്‍ജൗഫ് നിവാസികള്‍ തയാറെടുത്തുകഴിഞ്ഞു. പല സര്‍ക്കാര്‍ ഏജന്‍സികളുടേയും പവിലിയനുകള്‍, ഹോട്ടല്‍, റസ്‌റ്റോറന്റുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഒരുങ്ങിക്കഴിഞ്ഞു. വെറ്റിനറി ക്ലിനിക്കുകള്‍, കാലിത്തീറ്റ വിപണി എന്നിവയും ഉള്‍പ്പെടുന്നു.
ഒട്ടക വിപണിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി വിഷന്‍ 2030 ന്റെ പിന്തുണയും താല്‍പ്പര്യവും അനുസരിച്ചാണ് ഒട്ടകമേള സംഘടിപ്പിച്ചിരിക്കുന്നത്. വസന്തകാലമായതിനാല്‍ അല്‍ജൗഫ് ലേലം അനുയോജ്യമായ സമയത്താണ് എത്തിയിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.