റിയാദ് - അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ കോളനികള്‍ നിര്‍മിക്കാനുള്ള ഇസ്രായില്‍ ഗവണ്‍മെന്റ് തീരുമാനത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അധിനിവിഷ്ട ഫലസ്തീനിലെ ജൂതകുടിയേറ്റം നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഇസ്രായില്‍ അന്താരാഷ്ട്ര തീരുമാനങ്ങള്‍ പാലിക്കണം. സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഇസ്രായില്‍ കൈക്കൊള്ളരുത്. അന്താരാഷ്ട്ര തീരുമാനങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിച്ച് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്ന നിലക്ക് ഫലസ്തീന്‍ പ്രശ്‌നത്തെ പിന്തുണക്കുന്ന സൗദി അറേബ്യയുടെ നിലപാട് വിദേശ മന്ത്രാലയം വ്യക്തമാക്കി.
അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിയമ വിരുദ്ധ കുടിയേറ്റ കോളനി നിര്‍മാണത്തെ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി മുസ്‌ലിം വേള്‍ഡ് ലീഗും (റാബിത്വ) പറഞ്ഞു. ജൂതകുടിയേറ്റ കോളനികളുടെ നിര്‍മാണം മുഴുവന്‍ അന്താരാഷ്ട്ര തീരുമാനങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണ്. പശ്ചിമേഷ്യയില്‍ നീതിപൂര്‍വവും സമഗ്രവുമായ സമാധാനമുണ്ടാക്കാനും, പശ്ചിമേഷ്യന്‍ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്ന ഏകപക്ഷീയ നടപടികള്‍ അവസാനിപ്പിക്കാനും എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് റാബിത്വ സെക്രട്ടറി ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ ആവശ്യപ്പെട്ടു. റാബിത്വ ഫലസ്തീന്‍ ജനതക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും റാബിത്വ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ കോളനികള്‍ നിര്‍മിക്കാനുള്ള ഇസ്രായില്‍ ഗവണ്‍മെന്റ് തീരുമാനത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)