ന്യൂദല്‍ഹി- ലോക സമ്പന്നരുടെ പട്ടികയില്‍ നിന്നും 24ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യന്‍ വ്യവസായിയുമായ ഗൗതം അദാനി രണ്ട് മാസം മുന്‍പ് വരെ ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം അദാനി ഇപ്പോള്‍ 24ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യണ്‍ ഡോളറിലേക്കെത്തി. ഫോര്‍ബ്സ് റിയല്‍ടൈം ബില്യണയര്‍ സൂചിക പ്രകാരം, വ്യവസായിയുടെ ആസ്തി 53 ബില്യണ്‍ ഡോളറാണ്.
യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ തകര്‍ച്ച നേരിട്ടു. അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ട് വരുന്നതിന് മുമ്പും ശേഷവും ഗ്രൂപ്പിന്റെ ഓഹരികളിലെ വിപണി പ്രവര്‍ത്തനങ്ങളും ഇതിനകം തന്നെ അന്വേഷിക്കുന്നുണ്ടെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി സുപ്രീം കോടതിയെ അറിയിച്ചു.
അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ എണ്ണിപ്പറഞ്ഞുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. ഓഹരി മൂല്യം ഉയര്‍ത്തി കാണിച്ച് അദാനി ഗ്രൂപ്പ് വഞ്ചന നടത്തിയെന്ന ആരോപണം അദാനി തള്ളിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജികളടക്കം അദാനി ഗ്രൂപ്പിനെതിരെ എത്തി.
ജനുവരി 24 ന് ഹിന്റന്‍ബെര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. അതിന്റെ ആഘാതത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ ഗ്രൂപ്പ് കമ്പനികളുടെ ബാധ്യത തീര്‍ക്കാന്‍ അദാനി ശ്രമിച്ചിരുന്നു. അതിന് പിന്നാലെ അമേരിക്കയില്‍ ഹിന്റന്‍ബെര്‍ഗ് റിസര്‍ച്ചിനെതിരെ കേസ് വാദിക്കാന്‍ വാച്ടെല്‍ എന്ന കോര്‍പറേറ്റ് അഭിഭാഷക കമ്പനിയെ സമീപിച്ചിട്ടുമുണ്ട്.