ന്യൂദൽഹി- ആദായ നികുതി വകുപ്പ് ബി.ബി.സിയുടെ ദൽഹി, മുംബൈ ഓഫീസുകളിൽ നടത്തിയ റെയ്ഡ് പ്രതീക്ഷിച്ചതു തന്നെയെന്ന് കോൺഗ്രസും തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും പ്രതികരിച്ചു. സർവേ എന്ന പേരിലാണ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവെച്ച ശേഷം ആദായ നികുതി ഉദ്യോഗസ്ഥർ ബി.ബി.സി ഓഫീസുകളിൽ പരിശോധന നടത്തിയത്. ജീവനക്കാരോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു.
അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്ര സർക്കാർ ബി.ബി.സിക്കു പിന്നാലെ പോകുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിനാശകാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതിരിക്കുന്ന വീഡിയോ കോൺഗ്രസ് ട്വീറ്റ് ചെയ്തു. ജി 20 രാഷ്ട്ര കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തിരിക്കെ രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുന്നതായാണ് പ്രധാനമന്ത്രിയുടെ ഓരോ നടപടികളും കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി പറഞ്ഞു. രാജ്യത്തെ അസമത്വവും തൊഴിലില്ലായ്മയും തടയുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാർ ഓഹരി തട്ടിപ്പ് നടത്തിയ അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയെന്നും സമ്പന്നർക്ക് കൂടുതൽ നികുതിയിളവ് നൽകിയെന്നും ഇപ്പോൾ മോഡിയെ പ്രതിക്കൂട്ടിലാക്കിയ ഡോക്യമെന്ററി സംപ്രേഷണം ചെയ്തതിന് ബി.ബി.സിക്കു പിന്നാലെ പോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ബി.സിയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് ആരംഭിച്ച റെയ്ഡ് പ്രതീക്ഷിച്ചതു തന്നെയാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)