Sorry, you need to enable JavaScript to visit this website.

യുഎഇയില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട 10 ഇന്ത്യക്കാര്‍ക്ക് ഉടന്‍ മോചനം

ദുബായ്- കൊലപാതക കുറ്റത്തിന് വധശിക്ഷ ലഭിച്ച് പിന്നീട് ശിക്ഷാ ഇളവ് ലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് റമദാന്‍ പ്രമാണിച്ച് മാപ്പു നല്‍കി. ഉടന്‍ ജയില്‍ മോചിതരാകുന്ന ഇവര്‍ക്ക് അടുത്തയാഴ്ച നാട്ടിലേക്കു തിരിക്കാം. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ ശിക്ഷ ഇളവ് ചെയ്തത്. ജയില്‍ മോചനത്തിന് മൂന്ന് വര്‍ഷം കുടി ബാക്കിയിരിക്കെയാണ് മാപ്പു ലഭിച്ചത്. അല്‍ ഐനില്‍ ഒരു പാക്കിസ്ഥാനിയെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ടവരാണിവര്‍. കൊല്ലപ്പെട്ട പാക്കിസ്ഥാനിയുടെ കുടുംബത്തിന് ഒരു ഇന്ത്യന്‍ പ്രവാസി രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്നാണ് ഇവരുടെ ശിക്ഷയില്‍ ഇളവ് ലഭിച്ചത്.

പത്ത് പേരും പഞ്ചാബ് സ്വദേശികളാണ്. സന്നദ്ധ പ്രവര്‍ത്തകനായ എസ്പിഎസ് ഒബ്‌റോയ് എന്ന പ്രവാസിയാണ് നഷ്ടപരിഹാര തുക നല്‍കി ഇവരെ രക്ഷപ്പെടുത്തിയത്. ഇവരില്‍ ആറു പേരുടെ മോചനത്തിനുള്ള നടപടിക്രമങ്ങല്‍ അല്‍ ഐന്‍ കോടതിയില്‍ പൂര്‍ത്തീകരിച്ചതായി ഒബ്‌റോയ് പറഞ്ഞു. ബാക്കി നാലു പേരുടെ ക്ലിയറന്‍സ് രേഖകള്‍ അടുത്തയാഴ്ചയോടെ ലഭിക്കും. ഇവര്‍ക്ക് തിരിച്ചു പോകുന്നതിന് ഇന്ത്യന്‍ എംബസി താല്‍ക്കാലിക പാസ്‌പോര്‍ട്ടും ടിക്കറ്റും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

2015 ജൂലൈ 12-ന് മദ്യക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനിടെയാണ് ഈ പ്രതികളുടെ മര്‍ദ്ദനമേറ്റ് പാക്കിസ്ഥാനി കൊല്ലപ്പെട്ടത്. 2016 ഒക്ടോബര്‍ 26-നാണ് പ്രതികളായ 10 ഇന്ത്യക്കാരെ അല്‍ ഐന്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2016 ഡിസംബര്‍ ഏഴിന് എല്ലാ പ്രതികളേയും അല്‍ ഐന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 

Latest News