കോട്ടയം- മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനത്തിന്റെ അമിത വേഗത്തില്‍ റിപ്പോര്‍ട്ട് തേടി പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യല്‍ കോടതി മജിസ്ട്രേറ്റ് കോടതി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച പോലീസ് അകമ്പടി വാഹനം അപകടരമായ രീതിയില്‍ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ്.എച്ച്.ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
മജിസ്ട്രേറ്റിന്റെ വാഹനം ഉള്‍പ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പോലീസ് അകമ്പടി വാഹനം കടന്നു പോയത്. കുരുവിലങ്ങാട് എസ്.എച്ച്.ഒയെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് മജിസ്ട്രേറ്റ് ജി. പദ്മകുമാര്‍ റിപ്പോര്‍ട്ട് തേടിയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. റിപ്പോര്‍ട്ട് 17 ന് മുന്‍പ് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.
കാലടിയില്‍ കുഞ്ഞിന് മരുന്ന് വാങ്ങാന്‍ എത്തിയവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് സംഘം തടഞ്ഞത് വിവാദമായിരുന്നു. നാല് വയസുള്ള കുഞ്ഞിന് പനി രൂക്ഷമായതോടെയാണ് മെഡിക്കല്‍ ഷോപ്പില്‍നിന്ന് മരുന്ന് വാങ്ങാനെത്തിയത്. 'കൂടുതല്‍ വര്‍ത്തമാനം പറയാതെ വണ്ടിയെടുത്ത് കൊണ്ട് പോ' എന്ന് പറഞ്ഞ് പോലീസുകാരന് ആക്രോശിക്കുന്ന വീഡിയോ വൈറലായിരുന്നു.