Sorry, you need to enable JavaScript to visit this website.

മദ്യപിച്ച് വാഹനമോടിച്ചവരുടെ ലൈസന്‍സും വാഹന റജിസ്‌ട്രേഷനും റദ്ദാക്കും; പോലീസ് സ്‌റ്റേഷനില്‍ ഇംപോസിഷന്‍ ശിക്ഷ

തൃപ്പൂണിത്തുറ- മദ്യപിച്ച് വാഹനമോടിച്ച 16 ബസ് ഡ്രൈവര്‍മാര്‍ തൃപ്പൂണിത്തുറ പോലീസിന്റെ പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ രാവിലെ ഒന്‍പത് മണി വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാര്‍ പ്രത്യേക പരിശോധനയ്ക്ക് നേതൃത്വം നല്‍കി. 

പിടിയിലായവരില്‍ നാലു പേര്‍ സ്‌കൂള്‍ ബസ് ഓടിച്ചവരും രണ്ടുപേര്‍ കെ. എസ്. ആര്‍. ടി. സി ബസ്സ് ഡ്രൈവര്‍മാരും 10 പേര്‍ പ്രൈവറ്റ് ബസ് ഡ്രൈവര്‍മാരുമാണ്. കരിങ്ങാച്ചിറയിലും വൈക്കം റോഡിലുമായി രണ്ടു സംഘങ്ങളായാണ് പോലീസ് പരിശോധന നടത്തിയത്. 

പിടികൂടിയ ബസ്സിലെ യാത്രക്കാരെ പോലീസ് ഡ്രൈവര്‍മാര്‍ തൃപ്പൂണിത്തുറ ബസ് സ്റ്റാന്റിലെത്തിച്ച് തുടര്‍ യാത്രാ സൗകര്യം ഒരുക്കി. സ്‌കൂള്‍ വിദ്യാര്‍ഥികളെ മഫ്ടിയിലുള്ള പോലീസ് ഡ്രൈവര്‍മാര്‍ അതാത് സ്‌കൂളുകളില്‍ എത്തിച്ചു. 

പിടിയിലായ കെ. എസ്. ആര്‍. ടി. സി ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കി കെ. എസ്. ആര്‍. ടി. സി അധികാരികള്‍ക്ക് അയക്കും. പിടിയിലായ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ഇവര്‍ ഓടിച്ചിരുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാര്‍ അറിയിച്ചു. പോലീസ് സ്‌റ്റേഷനിലെത്തിച്ച ഡ്രൈവര്‍മാരെക്കൊണ്ട് ഇംപോസിഷന്‍ എഴുതിച്ചു. 

പരിശോധന സംഘത്തില്‍ എസ്. ഐമാരായ പി. വി. രമേശന്‍, രാജീവ്‌നാഥ്, എ. എസ്. ഐ എം. ജി. സന്തോഷ്, എസ്. സി. പി. ഒമാരായ ശ്യാം. ആര്‍. മേനോന്‍, അരുണ്‍, സി. പി. ഒമാരായ ജിജി, സജിജോണ്‍, ബിബിന്‍, അന്‍സാര്‍ എന്നിവരുണ്ടായിരുന്നു. വരും ദിവസങ്ങൡും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍ അറിയിച്ചു.

Latest News