ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സമയത്തിന് ജി എസ് ടി നഷ്ടപരിഹാരത്തുക നല്‍കുന്നില്ലെന്ന സംസ്ഥാനത്തിന്റെ പരാതിയില്‍ വിമര്‍ശനവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജി എസ് ടി നഷ്ടപരിഹാരമായി 5000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ വാസ്തവം എന്താണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്സഭയില്‍ ചോദിച്ചിപ്പോഴായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.
ഓഡിറ്റ് ചെയ്ത കണക്കുകള്‍ നല്‍കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാല്‍ കേരളം അഞ്ചു വര്‍ഷമായിട്ട് ഇത് നല്‍കിയിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു . '2018 മുതല്‍ ഒരു വര്‍ഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജി എസ് ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുമെന്ന് ധനമന്ത്രി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കാനും എന്‍ കെ പ്രേമചന്ദ്രനോട് നിര്‍മല നിര്‍ദേശിച്ചു. 15ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വിഹിതം കൃത്യമായി വര്‍ഷാവര്‍ഷം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)