കൊച്ചി- വായുവിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവ് വര്‍ധിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മലിനീകരണ സ്രോതസുകള്‍ നിരീക്ഷിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കും. നഗരത്തിലെ പച്ചപ്പ് വര്‍ധിപ്പിക്കാനും യോഗം നിര്‍ദേശിച്ചു.
മലിനീകരണ തോത് കൃത്യമായി നിരീക്ഷിച്ച് നഗരത്തിലെ വായുവിന്റെ ഗുണമേന്മ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നേതൃത്വത്തിലാണ് പഠനം. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും വോളന്റിയര്‍മാരെ പഠനത്തിനായി നിയോഗിക്കും. പഠനഫലങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
നഗരത്തില്‍ 12 ഇടത്താണ് നിലവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിരീക്ഷണ സംവിധാനമുള്ളത്. ഇതില്‍ വൈറ്റിലയിലാണ് ഏറ്റവും കൂടുതല്‍ മലിനീകരണത്തോത് രേഖപ്പെടുത്തിയിട്ടുള്ളത്. മൊബിലിറ്റി ഹബ്ബും വൈറ്റില ജംഗ്ഷനും ഉള്‍പ്പെടുന്ന മേഖലയാണിത്. ഉയര്‍ന്ന വാഹന സാന്ദ്രതയാണ് പി എം 2.5ന്റെ തോതിലുള്ള വര്‍ധനയ്ക്ക് കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നഗരത്തിലെ അന്തരീക്ഷ വായുവിന്റെ നിലവാരം നിരീക്ഷിക്കുന്നതിന് കലൂരില്‍ സ്റ്റേഡിയത്തിന് സമീപം പുതിയ നിരീക്ഷണ കേന്ദ്രം മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിന് പുറമെ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന വാതകങ്ങള്‍ അനുവദനീയ അളവിലാണോ എന്ന് പരിശോധിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പും സംവിധാനമേര്‍പ്പെടുത്തും. കെ. എസ്. ആര്‍. ടി. സി. അടക്കമുള്ള വാഹനങ്ങളുടെ പുക നിലവാരം പരിശോധിക്കും.
അന്തരീക്ഷ വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് കൊച്ചി നഗരത്തെ കൂടുതല്‍ ഹരിതാഭമാക്കുന്നതിനുള്ള നടപടികള്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡ്, വിശാല കൊച്ചി വികസന അതോറിറ്റി (ജി. സി. ഡി. എ) എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ഉഷ ബിന്ദു മോള്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. കെ. ബാബുരാജന്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി. അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.