കൊച്ചി- മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവര്‍മാര്‍ കൊച്ചിയില്‍ കസ്റ്റഡിയിലായപ്പോള്‍ മൊബൈലില്‍ സംസാരിച്ച് ബസ്സോടിച്ച ഡ്രൈവര്‍ കോഴിക്കോട് 'മൊബൈലിലായി'. ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കിയ ഡ്രൈവറെയാണ് മദ്യപിച്ച് ബസ്സോടിച്ചതിന് എറണാകുളത്ത് കഴിഞ്ഞ ദിവസം പിടികൂടിയത്. ബസ്സുകളുടെ അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നെന്ന പരാതി വ്യാപകമായതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.
മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവര്‍മാരില്‍ രണ്ടുപേര്‍ കെ. എസ്. ആര്‍. ടി. സിയിലേയും നാലു പേര്‍ സ്‌കൂള്‍ ബസ്സിലേയുമാണ്. ഇരുപതിലേറെ ബസുകളും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടില്‍ ഓടുന്ന സംസം ബസ്സിന്റെ ഡ്രൈവറാണ് യാത്രക്കാരുടെ മൊബൈലില്‍ കയറി അധിതരുടെ കൈയ്യിലെത്തിയത്. ബസ് ഓടിക്കുന്നതിനിടെ യാത്രക്കാരുടെ ജീവന് ഭീഷണിയായി ഇയാള്‍ എട്ടു തവണയാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ചത്. ഫറോക്ക് പേട്ട മുതല്‍ ഇടിമൂഴിക്കല്‍ വരെയുള്ള ദൂരത്തിനിടയിലാണ് ഇയാള്‍ എട്ടുതവണ ഫോണില്‍ സംസാരിച്ചത്.
മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇയാളോട് ഫറോക്ക് ജോയിന്റ് ആര്‍. ടി. ഒ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.