മുംബൈ-വന്ദേ ഭാരത് എക്‌സ്പ്രസില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ പൊടിയാണെന്ന പരാതിയുമായി യാത്രക്കാരന്‍. മുംബയ്-ഷിര്‍ദി റൂട്ടിലെ വന്ദേ ഭാരത് ട്രെയിനിലാണ് സംഭവമുണ്ടായത്. രണ്ട് ദിവസം മുമ്പാണ് ഈ റൂട്ടിലൂടെയുള്ള ട്രെയില്‍ സര്‍വീസ് ആരംഭിച്ചത്.
ട്രെയിനില്‍ നിന്ന് തനിക്ക് കഴിക്കാന്‍ നല്‍കിയ പൊടി നിറഞ്ഞ കോണ്‍ഫ്‌ളക്‌സിന്റെ ചിത്രവും യാത്രക്കാരനായ വിരേഷ് നര്‍ക്കര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ജീവനക്കാരന്‍ ട്രെയിന്‍ വൃത്തിയാക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ട്രെയിന്‍ കാണാന്‍ മനോഹരമാണെന്നും എന്നാല്‍ അതിലെ എക്‌സിക്യൂട്ടീവ് ക്ലാസില്‍ ചില പോരായ്മകളുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതെല്ലാം പരിഹരിക്കാനുള്ള മാര്‍ഗങ്ങളും വിരേഷ് നര്‍ക്കര്‍ ട്വീറ്റ് ചെയ്തു.
ട്രെയിനിലെ എക്‌സിക്യൂട്ടീവ് ക്ലാസ് (ഇ സി) ട്രെയിനിന്റെ മദ്ധ്യത്തില്‍ നല്‍കിയിരിക്കുന്നതിനാല്‍ മറ്റ് യാത്രക്കാര്‍ അതിലൂടെയാണ് കടന്നുപോകുന്നത്. കൂടുതല്‍ പണം നല്‍കിയിട്ടും പ്രൈവസി നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതിനാല്‍ ഇ സി ട്രെയിനിന്റെ മുന്നിലോ പിന്നിലോ ആക്കണം. ഫ്‌ളോറില്‍ ഉപയോഗിച്ചിരിക്കുന്ന പരവതാനി സാധാരണ രീതിയില്‍ തൂത്ത് വൃത്തിയാക്കുന്നതിന് പകരം വാക്വം ക്ലീനറുകള്‍ ഉപയോഗിക്കണം. ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം. '- എന്നാണ് വിരേഷ് നര്‍ക്കര്‍ ട്വീറ്റ് ചെയ്തത്. വിരേഷിന്റെ പരാതി റെയില്‍മദാദില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ട്വീറ്റിലൂടെ ഇന്ത്യന്‍ റെയില്‍വേ പ്രതികരിച്ചത്.