കല്പറ്റ-ജോഡോ യാത്രയ്ക്കുശേഷം ആദ്യമായി രാഹുല്‍ഗാന്ധി എം.പി വയനാട്ടില്‍. ഇന്നലെ രാത്രി കല്പറ്റയില് എത്തിയ അദ്ദേഹം പൊന്നടയില്‍ സമീപം കുടുംബത്തിന് സബര്‍മതി പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ഇന്നു രാവിലെ നിര്‍വഹിച്ചു. ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പട്ടികവര്‍ഗ യുവാവ് കല്പറ്റ അഡ്ലെയ്ഡ് പാറവയല്‍ വിശ്വനാഥന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. വിശ്വനാഥന് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലന്നു കുടുംബാംഗങ്ങള്‍ എം.പിയോട് പറഞ്ഞു. മരണത്തിലെ ദുരൂഹത അകറ്റുന്നതിനു ഇടപെടണമെന്നു ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച എം.പി നീതി ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് അറിയിച്ചു.
കലക്ടറേറ്റില്‍ ദിശ, ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗങ്ങളില്‍ എം.പി പങ്കെടുത്തുവരികയാണ്. തൊണ്ടര്‍നാട് പുതുശേരിയില്‍ കടുവ ആക്രമണത്തെത്തുടര്‍ന്നു മരിച്ച പള്ളിപ്പുറം തോമസിന്റെ വീട് ഉച്ചകഴിഞ്ഞ് സന്ദര്‍ശിക്കും. വൈകുന്നേരം നാലിന് മീനങ്ങാടി ശ്രീകണ്ഠ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. സബര്‍മതി പദ്ധതിയില്‍ നിര്‍മിച്ച മറ്റ് 24 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. മീനങ്ങാടിയില്‍ സ്വീകരണത്തില്‍ ഏഴായിരത്തോളം പേര് പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന് അറിയിച്ചു.