Sorry, you need to enable JavaScript to visit this website.

തൂത്തുക്കുടി പ്ലാന്റ് അടച്ചുവെങ്കിലും  മാനേജ്‌മെന്റ് നീക്കങ്ങൾ സജീവം

അടച്ചു പൂട്ടിയ തൂത്തുക്കുടി പ്ലാന്റിനേർപ്പെടുത്തിയ പോലീസ് കാവൽ.

ചെന്നൈ-തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയതിനു പിന്നാലെ രണ്ടാമത്തെ പ്ലാന്റിനു നൽകിയ ഭൂമി തിരിച്ചുപിടിക്കാൻ എടപ്പാടി പളനിസ്വാമി സർക്കാർ തീരുമാനിച്ചു. നീണ്ട പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് കോപ്പർ കമ്പനിയുടെ ചെമ്പ് സംസ്‌കരണശാല അടച്ചു പൂട്ടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം. ജനങ്ങളിൽ നിന്ന് ഏറ്റെടുത്ത ഭൂമി തിരിച്ച് നൽകണമെന്ന ആവശ്യവുമായി പ്രക്ഷോഭകർ രംഗത്തെത്തി. ജലവും വായുവുമെല്ലാം മലിനമാക്കുന്ന പ്ലാന്റിനെതിരെ പ്രതിഷേധം ഉയരുമ്പോൾ രണ്ടാമത്തെ പ്ലാന്റ് തുടങ്ങാനുള്ള തീവ്രശ്രമത്തിലായിരുന്നു വേദാന്ത ഗ്രൂപ്പ്. അടച്ചിടാൻ സർക്കാർ പ്രയോഗിച്ച നിയമത്തിലെ അപാകതകൾ മുതലെടുത്ത് വീണ്ടും തുറക്കാനുള്ള കഠിന ശ്രമത്തിലാണ് കമ്പനി. 
കഴിഞ്ഞ ദിവസമാണ് പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടത്. പ്രതിഷേധ സമരം ശക്തമായ സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോതി പ്ലാന്റ് നിർമാണം നിർത്തിവെക്കാൻ ഉത്തരവിട്ടത്. എന്നാൽ അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങളുമായി കമ്പനി മുന്നോട്ടു പോകുകയായിരുന്നു. സമരക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. പ്ലാന്റിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ കൃഷി നശിപ്പിക്കുന്നതായും പ്രദേശത്തെ ജലസംഭരണികളും വായുവും ഇതിലൂടെ മലിനപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.
പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനവുമായി മുന്നോട്ടു പോകുമെന്ന് കമ്പനി എക്‌സിക്യൂട്ടീവ് പി രാംനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനു നൽകിയ അഭിമുഖത്തിലാണ് രാംനാഥ് നിലപാട് വ്യക്തമാക്കിയത്. അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ മാർച്ചിൽ അടച്ച പ്ലാന്റിന് ലൈസൻസ് പുതുക്കി ലഭിച്ചിട്ടില്ല. അനുമതിയില്ലാതെ പ്ലാന്റ് വീണ്ടും തുറന്നു പ്രവർത്തിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. പ്രതി വർഷം 40,000 ടൺ ചെമ്പാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. രണ്ടാം ഘട്ട വികസനത്തിലൂടെ ഇത് ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്ലാന്റ് തുറന്ന് പ്രവർത്തിക്കാനാവുമെന്നും പ്രദേശവാസികളുമായി സഹകരിച്ച് മുന്നോട്ടു പോകാനാണ് കമ്പനി ആഗ്രഹിക്കുന്നത് എന്നും രാംനാഥ് പറഞ്ഞു.

 

Latest News