ദോഹ- ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയിലേക്ക് ഖത്തര്‍ അമീറിന്റെ ആശ്വാസ യാത്ര. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ സന്ദര്‍ശിച്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം ഇസ്താംബൂളിലാണ് അമീര്‍ വിമാനമിറങ്ങിയത്. വെള്ളിയാഴ്ച 50 ദശലക്ഷം ഖത്തര്‍ റിയാലിന്റെ സഹായം അമീര്‍ പ്രഖ്യാപിച്ചിരുന്നു.
തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പദുരിത ബാധിതരെ സഹായിക്കാനുള്ള ധനശേഖരണത്തിന് ഖത്തര്‍ ടെലിവിഷനില്‍ നടന്ന 'ലൈവ് ക്യാംപെയിനി'ല്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ അര്‍ധരാത്രി വരെ നീണ്ട പരിപാടിയില്‍ സമാഹരിച്ചത് 16,80,15,836 റിയാല്‍. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സംഭാവന നല്‍കിയത് 5 കോടി റിയാല്‍.
ഖത്തറിന്റെ റഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്ടിവിറ്റീസ് (ആര്‍എസിഎ) അധികൃതരുടെ 'ഔന്‍ ആന്‍ഡ് സനദ്' എന്ന അടിയന്തര ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായാണ് ടെലിവിഷനില്‍ ലൈവ് ക്യാംപെയ്ന്‍ നടത്തിയത്. ഖത്തര്‍ മീഡിയ കോര്‍പറേഷന്‍, റെഡ് ക്രസന്റ്, ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാംപെയ്ന്‍ . പണം നിക്ഷേപിക്കാനായി കത്താറ കള്‍ചറല്‍ വില്ലേജ്, സൂഖ് വാഖിഫ്, ആസ്പയര്‍ സോണ്‍ പാര്‍ക്ക് എന്നിവിടങ്ങളിലുള്‍പ്പെടെ സൗകര്യം ഒരുക്കിയിരുന്നു.