ന്യൂദൽഹി- ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽ സ്വയംസേവകരെ അഭിസംബോധന ചെയ്യാനുള്ള ക്ഷണം സ്വീകരിച്ച മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിക്ക് നന്ദി പറഞ്ഞ് ആർഎസ്എസ് നേതൃത്വം. നാഗ്പൂരിൽ ജൂൺ ഏഴിനു നടക്കുന്ന ചടങ്ങിലേക്കാണ് പ്രണബിനെ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്നും ആർഎസ്എസ് ഇതിനു മുൻപും വിവിധ ചടങ്ങുകളിലേക്കു പ്രമുഖ വ്യക്തികളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് ആർഎസ്എസ് പ്രസ്താവനയിൽ അറിയിച്ചത്.
മുൻ രാഷ്ട്രപതി ആർഎസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഒരു അപാകതയും ഇല്ലെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത്. ആർഎസ്എസ് ഈ രാജ്യത്തു തന്നെയുള്ള ഒരു സംഘടനയാണ്. അതിന്റെ ഒരു പരിപാടിയിൽ മുൻ രാഷ്ട്രപതി പങ്കെടുക്കുന്നതിൽ ഒരു അപാകതയും ഇല്ല. രാജ്യത്ത് രാഷ്ട്രീയമായ തൊട്ടുകൂടായ്മ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. സംഘപരിവാറിന് ഐഎസ്‌ഐ പോലുള്ള ചാരസംഘടനകളുമായെന്നും ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആർ.എസ്.എസിനോളം വലിയ മറ്റൊരു വിദ്വേഷ സംഘടനയില്ലെന്നു വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് പ്രണബ് മുഖർജിയും എന്നാണു കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞത്. ആർഎസ്എസിന്റെ ക്ഷണം അദ്ദേഹം സ്വീകരിച്ചതിൽ അസ്വസ്ഥതയുണ്ട്. ആർഎസ്എസിനെക്കുറിച്ചുള്ള പ്രണബ് മുഖർജിയുടെ കാഴ്ചപ്പാടുകളോടു ആർഎസ്എസ് യോജിക്കുന്നുണ്ടോ. ആർഎസ്എസിനോളവും ബിജെപിയോളവും മോശമായ മറ്റൊരു പാർട്ടിയും രാജ്യത്തില്ലെന്ന് പല അവസരങ്ങളിലും പ്രണബ് മുഖർജി പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ആർഎസ്എസിന്റെ ധാർമികതയെയും അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. ആർഎസ്എസ് വർഗീയ സംഘടനയാണെന്നും രാജ്യവിരുദ്ധവും ആണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. ഇതെല്ലാം ഉൾക്കൊണ്ടാണോ പ്രണബ് മുഖർജിയെ ആർഎസ്എസ് ക്ഷണിച്ചിരിക്കുന്നതെന്നും സന്ദീപ് ദീക്ഷിത് ചോദിച്ചു. പ്രണബ് മുഖർജി ആർഎസ്എസ് ക്ഷണം മാന്യമായി നിരസിക്കണമെന്ന് എൻസിപി നേതാവ് മജീദ് മേമനും പറഞ്ഞു. അദ്ദേഹത്തെപ്പോലെ മതേതര മൂല്യങ്ങൾ വെച്ചുപുലർത്തുന്ന ഒരു നേതാവ് ഈ ക്ഷണം സ്വീകരിക്കരുത്. ആർഎസ്എസ് ക്ഷണം പ്രണബ് മുഖർജി ഒഴിവാക്കേണ്ടതായിരുന്നെന്ന് സിപിഎമ്മും പ്രതികരിച്ചു.