ന്യൂദൽഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചു വി.എച്ച്.പി മുൻ രാജ്യാന്തര പ്രസിഡന്റ് പ്രവീൺ തൊഗാഡിയ. മോഡി സർക്കാർ രാജ്യത്തിന്റെ സാമ്പത്തികനില തകർത്തുവെന്ന് തൊഗാഡിയ ആരോപിച്ചു. ബി.ജെ.പിക്കെതിരായ പുതിയ പാർട്ടി ജൂൺ 24 ന് പ്രഖ്യാപിക്കുമെന്നും തൊഗാഡിയ കൂട്ടിച്ചേർത്തു. ഹിന്ദുത്വ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാർട്ടിയായിരിക്കും തന്റേതെന്നും തൊഗാഡിയ കൂട്ടിച്ചേർത്തു. രാജ്യത്തെ സാമ്പത്തിക കാർഷിക മേഖല തകർന്നു. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങളോട് സർക്കാർ മുഖംതിരിക്കുകയാണ്. രാമക്ഷേത്ര നിർമ്മാണം, ഗോഹത്യ നിരോധനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടുവെന്നും തൊഗാഡിയ പറഞ്ഞു. കഴിഞ്ഞ മാസം പ്രവീൺ തൊഗാഡിയയെ വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനായ ഹിമാചൽ പ്രദേശ് മുൻ ഗവർണർ വിഷ്ണു സദാശിവമാണ് വി.എച്ച്.പിയുടെ പുതിയ അധ്യക്ഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിമർശകനായി മാറിയതോടെയാണ് തൊഗാഡിയക്ക് സ്ഥാനം നഷ്ടപ്പെട്ടത്. ഇതോടെ സംഘ്പരിവാറിനും തൊഗാഡിയ അനഭിമതനായി.