ബെംഗളുരു- കുമാരസ്വാമി മന്ത്രിസഭയിലെ വകുപ്പുകൾ സംബന്ധിച്ച് ദൽഹിയിൽ ചർച്ചകൾ തുടരുന്നു. ദേശീയ നേതാക്കളുമായി എച്ച്ഡി കുമാരസ്വാമിയുടെ ചർച്ചയ്‌ക്കൊടുവിലായിരിക്കും തീരുമാനമെന്ന് കോൺഗ്രസ് അറിയിച്ചു.
ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വകുപ്പ് വിഭജനം സംബന്ധിച്ച് വ്യക്തത വരുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയും അറിയിച്ചു. ധനകാര്യ വകുപ്പിന് കോൺഗ്രസും ജെഡിഎസും ഒരേ പോലെ വാശി പിടിക്കുന്നതാണ് മന്ത്രിസഭാ രൂപീകരണം വൈകാൻ കാരണമെന്നും സൂചനയുണ്ട്.
കർണാടകയിൽ സർക്കാർ രൂപീകരിച്ചെങ്കിലും പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്നാണ് വ്യക്തമാവുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ച് ധാരണയിലെത്താൻ കോൺഗ്രസിനും ജെഡിഎസിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല പ്രതിപക്ഷവും സർക്കാരിനെതിരെ പോരാട്ടം തുടരുകയാണ്. കാർഷിക കടം എഴുതിത്തള്ളിയില്ലെങ്കിൽ ജെഡിഎസ് കോൺഗ്രസ് സഖ്യത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബിഎസ് യെദിയൂരപ്പ വ്യക്തമാക്കി. 53,000 കോടി രൂപ വരുന്ന കാർഷിക കടം എഴുതിത്തള്ളിയില്ലെങ്കിൽ രാജിവെയ്ക്കുമെന്നാണ് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞത്. ഒരാഴ്ചയാണ് അദ്ദേഹം സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അത്‌വരെ കാത്തിരിക്കും.എന്നിട്ടും നടന്നില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും യെദിയൂരപ്പ അറിയിച്ചിട്ടുണ്ട്. കാർഷിക കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപി ബന്ദ് നടത്തിയ സാഹചര്യത്തിലായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. ഒരാഴ്ചയ്ക്കകം കടം വിഷയത്തിൽ തീരുമാനമെടുക്കാൻ ആയില്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് തന്നെ വിരമിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ രൂപീകരണം നീളുന്നതിനേയും യെദിയൂരപ്പ കുറ്റപ്പെടുത്തുന്നു. വകുപ്പു വിഭജനം സംബന്ധിച്ച് 'ദൽഹി നാടക'മാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി യുഎസിലാണ്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനാണ് മന്ത്രിസഭാ രൂപീകരണത്തിനുള്ള ചുമതല. ഇങ്ങനെ രൂപീകരിക്കുന്ന സർക്കാർ എപ്രകാരമായിരിക്കുമെന്നതിനെപ്പറ്റി ജനങ്ങൾ ഇപ്പോൾത്തന്നെ ചിന്തിച്ചു തുടങ്ങി. ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും അഴിമതിക്കഥകൾ വരുംനാളുകളിൽ ഘട്ടംഘട്ടമായി പുറത്തു വിടുമെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. കോൺഗ്രസിന്റെ എടിഎമ്മാണ് കുമാരസ്വാമി സർക്കാരെന്നായിരുന്നു യെദിയൂരപ്പയുടെ മറ്റൊരു പരിഹാസം.