തിരുവനന്തപുരം - സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചു. ചികിൽസയുടെ വിശദാംശങ്ങൾ കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും അദ്ദേഹം ചോദിച്ചറിഞ്ഞു.
ചികിത്സയെ കുറിച്ച് ഉമ്മൻ ചാണ്ടിക്ക് പരാതി ഇല്ലെന്നും സമകാലിക വിഷയങ്ങളിൽ കുറഞ്ഞനേരം സൗഹൃദസംഭാഷണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. നിംസ് ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബെംഗളൂരുവിലേക്ക് മാറ്റുന്നത്. ചാർട്ടേഡ് വിമാനത്തിലാണ് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുക. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എ.ഐ.സി.സിയാണ് ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലെത്തിക്കുന്നത്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദ്ദേശാനുസരണം ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ ഇന്നലെ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം ആരോഗ്യമന്ത്രി വീണാ ജോർജും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി പ്രത്യേക മെഡിക്കൽ ബോർഡിനെ നിയോഗിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സവർക്കറെ പരിഹസിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ്
കൊൽക്കത്ത - ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനായ വി.ഡി സവർക്കറെ പരിഹസിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വീരേതിഹാസം പകർന്ന സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ രംഗത്ത്. ഇന്ത്യയിലെ ഒരു മ്യൂസിയത്തിനും വി.ഡി സവർക്കർക്കറുടെ പേര് നല്കിയിട്ടില്ലെന്ന് നരേന്ദ്ര മോദി സർക്കാർ പാർല്ലമെന്റിൽ അറിയിച്ചതിന് പിന്നാലെയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചെറുമകനായ ചന്ദ്രകുമാർ ബോസിന്റെ സവർക്കർ വിരുദ്ധ പരിഹാസം.
മ്യൂസിയമോ ബഹുമാനമോ നല്കാൻ സവർക്കാർ അർഹനാണോ എന്നാണ് ചന്ദ്രകുമാറിന്റെ ചോദ്യം. 'ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് നിരന്തരം ദയ ചോദിച്ചു വാങ്ങിയ ഒരാൾ മ്യൂസിയങ്ങളോ ബഹുമാനമോ അർഹിക്കുന്നുണ്ടോ?' എന്ന് ചന്ദ്രകുമാർ ബോസ് ട്വീറ്റ് ചെയ്തു.'
ആദ്യം ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് സ്വാതന്ത്ര്യം നേടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം, എന്നാൽ ജയിൽ ശിക്ഷയ്ക്ക് ശേഷം അദ്ദേഹം മാറി. അദ്ദേഹം സ്വതന്ത്രനായിക്കഴിഞ്ഞപ്പോൾ ഹിന്ദുത്വം, ഹിന്ദു രാഷ്ട്രം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അതിൽ സ്വാതന്ത്ര്യസമരമില്ലെന്നും' ചന്ദ്രകുമാർ ബോസ് വ്യക്തമാക്കി.
ഇന്ത്യയിൽ ഒരു മ്യൂസിയത്തിനും വി.ഡി സവർക്കറുടെ പേര് നൽകിയിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായാണ് സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ലോകസഭയിൽ അറിയിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ സവർക്കറുടെ പങ്ക് സംഘപരിവാർ പാർട്ടികൾക്കെതിരെ കോൺഗ്രസും ഇടതുപാർട്ടികളും എന്നും ഉന്നയിക്കുന്ന വിഷയമാണ്. കോൺഗ്രസ് സവർക്കറെ ബ്രിട്ടീഷ് ഇന്ത്യയുടെ ഏജന്റ് എന്ന് വിശേഷിപ്പിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സവർക്കറെ 'ഭാരത് മാതാവിന്റെ മഹാനായ പുത്രൻ' എന്നാണ് വിശേഷിപ്പിക്കാറുള്ളത്.