ചീങ്കണ്ണിയൂടെ ശരീരത്തില്‍ വല  ചുറ്റിയ നിലയില്‍ കണ്ടെത്തി 

തൃശൂര്‍-ചാലക്കുടി പുഴയില്‍ വല ശരീരത്തില്‍ ചുറ്റിയ നിലയില്‍ ചീങ്കണ്ണിയെ കണ്ടെത്തി. വെറ്റിലപ്പാറ ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ ഷെഡിനരികിലാണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. ശരീരത്തില്‍ വല ചുറ്റിയെങ്കിലും നീന്തുന്നതിന് തടസ്സമില്ലെന്ന് ചീങ്കണ്ണിയെ കണ്ട നാട്ടുകാര്‍ പറഞ്ഞു.പാറപ്പുറത്ത് കിടന്നിരുന്ന ചീങ്കണ്ണിയുടെ ശരീരത്തിലാണ് പച്ച നിറത്തിലുള്ള വല  കുടുങ്ങിയതായി കണ്ടെത്തിയത്.
ചാലക്കുടിപ്പുഴയില്‍ ധാരാളം ചീങ്കണ്ണികള്‍ ഉണ്ട്. പലപ്പോഴും ഇവ പുഴയിലെ ജലനിരപ്പ് കുറയുമ്പോള്‍ പുഴക്കരയില്‍ ഉള്ള മണല്‍ തിട്ടകളിലുംപാറക്കെട്ടുകളിലും വന്നു കിടക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുവരെയും വല ശരീരത്തില്‍ കുടുങ്ങിയ നിലയില്‍ തങ്ങള്‍ കണ്ടിട്ടില്ലെന്നും പരിസരവാസികള്‍ പറഞ്ഞു. ശരീരത്തില്‍  വല കുടുങ്ങിയിട്ടുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നതിനോ നീന്തുന്നതിനോ ചീങ്കണ്ണിക്ക് യാതൊരു തടസ്സവുമില്ല. പുഴയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ ഉപേക്ഷിച്ച വലയുടെ ഒരു ഭാഗമാണ് ചീങ്കണ്ണിയുടെ ശരീരത്തില്‍ കുടുങ്ങിയത് എന്നാണ് നിഗമനം. വല കുടുങ്ങിയ നിലയില്‍ പാറപ്പുറത്ത് കിടക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ വനം വകുപ്പിന് അയച്ചുകൊടുത്തിട്ടുണ്ട്.

Latest News