അബുദാബി- തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെ അതിജീവിച്ചവരെ പിന്തുണക്കുന്നതിന് യു.എ.ഇ യും പൊതുസംഭാവന ക്യാമ്പയിന് ആരംഭിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ വെബ്സൈറ്റ് ഉപയോഗിച്ച് ആവശ്യമുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്കാന് സാധിക്കും.
പേ പാല്, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ ടെക്സ്റ്റ് മെസേജ് വഴി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്കാന് ആളുകള്‍ക്ക് അവസരമുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റ് സംഭാവന പേജ്, ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷനല്‍ വെബ്സൈറ്റ് എന്നിവ വഴി സാമ്പത്തിക സഹായം നല്‍കാം.
250,00ലേറെ പേരുടെ ജീവന് അപഹരിച്ച ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനുള്ള യു.എ.ഇ ഡ്രൈവില്‍ അബുദാബി നാഷനല്‍ എക്സിബിഷന് സെന്റര്‍, ദുബായ് എക്സിബിഷന് സെന്റര്‍, എക്സ്പോ സിറ്റി എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ സംഭാവന സ്വീകരിക്കും.
ചികിത്സക്ക് പണമില്ലാത്തവര്‍ക്ക് സഹായവുമായി മലയാളി വ്യവസായി
ദോഹ- ചികിത്സക്ക് പണമില്ലാതെ വലയുന്നവര്‍ക്കായി യുവ മലയാളി പ്രവാസി വ്യവസായി 10 ലക്ഷം ഖത്തര്‍ റിയാലിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. നസീം ഹെല്‍ത്ത് കെയര്‍ എം.ഡി വി.പി. മുഹമ്മദ് മിയാന്‍ദാദ് ആണ് അര്‍ഹരായ രോഗികള്‍ക്ക് ശസ്ത്രക്രിയക്ക് സഹായം പ്രഖ്യാപിച്ചത്. സാധുവായ ഖത്തര്‍ ഐ.ഡിയുള്ള ഖത്തര്‍ നിവാസികള്‍ക്ക് ഈ സംരംഭം പ്രയോജനപ്പെടും.
നസീം സര്‍ജിക്കല്‍ സെന്റര്‍ വഴിയാണ് രോഗാവസ്ഥ കണക്കാക്കി സഹായം ലഭ്യമാവുക. എംബസി, സാമൂഹിക, ജീവകാരുണ്യ അസോസിയേഷനുകള്‍, പ്രമുഖ വ്യക്തികള്‍, മാധ്യമങ്ങള്‍ എന്നിവയുടെ അംഗീകാരമുള്ള സാധുവായ ഖത്തര്‍ രേഖകള്‍ ഇതിന് ആവശ്യമാണ്. ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് രോഗാവസ്ഥ നിര്‍ണയിച്ച് അംഗീകാരം ലഭിക്കുന്നവര്‍ക്കാണ് സഹായം നല്‍കുക.