Sorry, you need to enable JavaScript to visit this website.

ഷിംലയില്‍ ഒരാഴ്ചയായി കുടിവെള്ളം കിട്ടാക്കനി

ഷിംല- ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയില്‍ ഒരാഴ്ചയായി രൂക്ഷമായ കുടിവെള്ള ക്ഷാമം മൂലം ജനങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍. ടൂറിസ്റ്റുകള്‍ തിങ്ങിനിറഞ്ഞിരുന്ന തെരുവുകളില്‍ പോലും കുടിവെള്ളത്തിനായി പാത്രങ്ങളുമായി കാത്തിരിക്കുന്ന പ്രദേശവാസികളുടെ നീണ്ട വരിയാണ്. വിനോദ സഞ്ചാര കേന്ദ്രമായ ഷിംലയിലേക്ക് ടൂറിസ്റ്റുകള്‍ ഇപ്പോള്‍ വരേണ്ടന്നൊണ് സ്വദേശികള്‍ സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പു നല്‍കുന്നത്. വിനോദ സഞ്ചാര സീസണില്‍ പോലും പല ഹോട്ടലുകളിലും മുറി ബുക്കിങ് റദ്ദാക്കല്‍ വര്‍ധിച്ചു വരികയാണെന്ന് ഹോട്ടല്‍ നടത്തിപ്പുകാരും പറയുന്നു. 

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയും ഇടപെട്ടിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ എന്തു അടിയന്തിര നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു. പ്രതിസന്ധി മറികടക്കാന്‍ വഴികളാലോചിക്കുന്നതിന് മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന്റെ അധ്യക്ഷതയില്‍ ഒന്നിലേറെ തവണ യോഗങ്ങള്‍ ചേര്‍ന്നു.  ഷിംല മുനിസിപ്പാലിറ്റി ഒരാഴ്ചയായി കുടിവെള്ളം വിതരണം ചെയ്യുന്നില്ല. ടാങ്കറുകളിലെത്തുന്ന വെള്ളമാണ് ഇപ്പോള്‍ ജനങ്ങളുടെ ഏക ആശ്രയം. 

പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രാത്രി ഷിംല നിവാസികള്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്. ഷിംല-കല്‍ക്ക റോഡും പ്രതിഷേധക്കാര്‍ ഉപരരോധിച്ചു. ലഭ്യമായ വെള്ളം വിഐപി പ്രദേശങ്ങളിലേക്കും വന്‍കിട ഹോട്ടലുകളിലേക്കും മാത്രമായി തിരിച്ചുവിട്ടിരിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

14 വാട്ടര്‍ ടാങ്കറുകളും എട്ടു പിക്ക് അപ്പുകളും ഉപയോഗിച്ച് വെള്ളമെത്തിച്ചാണ് പ്രതിസന്ധിയിലും ഷിംല മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചു നില്‍ക്കുന്നത്.
 

Latest News