ഷിക്കാഗോ-ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ സാധാരണക്കാരെ പോലെ ജീവിക്കുന്നു. ഏകനായി കെ.എഫ്.സി പോലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിലെത്തി ഭക്ഷണം ആസ്വദിക്കുന്നു. ജനുവരി ആദ്യം ബ്രസീലില്‍ അരങ്ങേറിയ കലാപങ്ങളുടെ പേരില്‍ രാജ്യത്തെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ബൊല്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് അദ്ദേഹം ഫ്‌ളോറിഡയില്‍ സ്വതന്ത്രമായി ജീവിക്കുന്നത്. ഫ്‌ളോറിഡയില്‍ ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടിന് സമീപമാണ് ബൊല്‍സൊനാരോ ഇപ്പോള്‍ താമസം. ഇത് മുന്‍ ബ്രസീലിയന്‍ മാര്‍ഷല്‍ ആര്‍ട്‌സ് ചാമ്പ്യന്‍ ജോസ് ആല്‍ഡോയുടെ ഉടമസ്ഥതയിലുള്ള വീടാണ്.
യു.എസിലെത്തിയതിന് പിന്നാലെ പൊതുവെ പൊതുജന ശ്രദ്ധയില്‍ നിന്ന് അകന്നാണ് ബൊല്‍സൊനാരോയുടെ ജീവിതം. അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെയും കെ.എഫ്.സി റെസ്റ്റോറന്റില്‍ ഒറ്റയ്ക്കിരുന്ന് ചിക്കന്‍ കഴിക്കുന്നതിന്റെയും ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. ഈ മാസം ആദ്യം മയാമിക്ക് സമീപം യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 400 ഓളം അനുകൂലികളെ ബൊല്‍സൊനാരോ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.പരിപാടിയുമായി ട്രംപിന് ബന്ധമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ബ്രസീലിയന്‍ വംശജര്‍ നടത്തുന്ന ചെറിയ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ജനുവരി 1ന് ഇടത് നേതാവും മുന്‍ പ്രസിഡന്റുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സില്‍വ അധികാരമേല്‍ക്കുന്നത് വരെ തീവ്ര വലതുപക്ഷ നേതാവ് ജെയ്ര്‍ ബൊല്‍സൊനാരോ ആയിരുന്നു ബ്രസീലിന്റെ പ്രസിഡന്റ്. ലൂലയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നേ ബ്രസീലില്‍ നിന്ന് യു.എസിലെ ഫ്‌ളോറിഡയിലേക്ക് പോയതാണ് ബൊല്‍സൊനാരോ.
ഒക്ടോബറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ലൂലയ്ക്ക് മുന്നില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബൊല്‍സൊനാരോ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ബൊല്‍സൊനാരോ രംഗത്തെത്തിയിരുന്നു. ലൂല പ്രസിഡന്റായതോടെ അദ്ദേഹത്തെ പുറത്താക്കണമെന്നും ബൊല്‍സൊനാരോയെ തിരികെയെത്തിക്കണമെന്നും കാട്ടി ആയിരക്കണക്കിന് ബൊല്‍സൊനാരോ അനുകൂലികളാണ് ജനുവരി 8ന് രാജ്യ തലസ്ഥാനമായ ബ്രസീലിയയിലെ പാര്‍ലമെന്റ്, സുപ്രീംകോടതി, പ്രസിഡന്‍ഷ്യല്‍ പാലസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കലാപം നടത്തിയത്. ആയിരത്തിലേറെ പേര്‍ സംഭവത്തില്‍ അറസ്റ്റിലായിരുന്നു. ഡിസംബര്‍ അവസാനം രാജ്യംവിട്ട ബൊല്‍സൊനാരോ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വാദിച്ചിരുന്നു. അമേരിക്കയിലെ സന്ദര്‍ശക വിസ നീട്ടാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.