മുംബൈ- വാലന്റൈന്‍സ് ഡേയ്ക്ക് മുന്നോടിയായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുതിയ റോസാപ്പൂക്കളുടെ ഇറക്കുമതി വിലക്കി നേപ്പാള്‍. പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണിത്. സസ്യരോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ദല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതല്‍ ചുവന്ന റോസാപ്പൂക്കള്‍ കയറ്റുമതി ചെയ്യുന്നത്.
സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് റോസാപ്പൂക്കള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കരുതെന്ന് കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റര്‍ വ്യാഴാഴ്ച അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നേപ്പാള്‍, ഇന്ത്യ, ചൈന അതിര്‍ത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലേക്ക് പ്രത്യേക കാരണങ്ങളാല്‍ റോസാപ്പൂക്കളുടെ ഇറക്കുമതി നിരോധിച്ചതായി മൈ റിപ്പബ്ലിക്ക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.3 മില്യണ്‍ മൂല്യമുള്ള 10,612 കിലോ റോസാപ്പൂവാണ് നേപ്പാള്‍ ഇറക്കുമതി ചെയ്തത്. അതേസമയം, സര്‍ക്കാര്‍ തീരുമാനം മാര്‍ക്കറ്റില്‍ റോസാപ്പൂവിന് വലിയ ക്ഷാമം ഉണ്ടാവാന്‍ കാരണമാവുമെന്ന് നേപ്പാള്‍ ഫ്ളോറികള്‍ച്ചര്‍ അസോസിയേഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജെ.ബി തമങ് പറഞ്ഞു.