റിയാദ് - ജീവനോടെ രക്ഷിക്കാനാകുമെന്ന ബന്ധുക്കളുടെയും രക്ഷാപ്രവര്‍ത്തകരുടെയും പ്രതീക്ഷകള്‍ വിഫലമായി. തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് സൗദി വനിതയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. തുര്‍ക്കിയിലെ അന്റാക്യ നഗരത്തില്‍ സൗദി വനിത താമസിച്ചിരുന്ന കെട്ടിടം ഭൂകമ്പത്തില്‍ പാടെ നിലംപൊത്തുകയായിരുന്നു.
മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി സൗദി എംബസി സിറ്റിസണ്‍ അഫയേഴ്‌സ് വിഭാഗം മേധാവി ഫഹദ് അല്‍ഹഖ്ബാനി അറിയിച്ചു. മരിച്ച സൗദി വനിതയുടെ മൂന്നു പെണ്‍മക്കളെ തകര്‍ന്ന കെട്ടിടത്തിനു സമീപം എത്തിക്കാനും മൃതദേഹം സ്വീകരിച്ച് മറവു ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും ആവശ്യമായ മുഴുവന്‍ ക്രമീകരണങ്ങളും എംബസി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫഹദ് അല്‍ഹഖ്ബാനി പറഞ്ഞു. ബന്ധുക്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മൃതദേഹം തുര്‍ക്കിയില്‍ തന്നെ മറവു ചെയ്യും. തുര്‍ക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ നിന്ന് 45 സൗദി പൗരന്മാരെ സൗദി എംബസി നേരത്തെ ഒഴിപ്പിച്ചിരുന്നു.
അതിനിടെ, സൗദിയില്‍ നിന്നുള്ള കൂടുതല്‍ രക്ഷാസംഘങ്ങള്‍ തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു. ഭൂകമ്പബാധിതരെ സഹായിക്കാനുള്ള രക്ഷാസംഘങ്ങളും മറ്റു സജ്ജീകരണങ്ങളും അടങ്ങിയ നാലാമത്തെയും അഞ്ചാമത്തെയും വിമാനങ്ങള്‍ വെള്ളിയാഴ്ച റിയാദ് എയര്‍പോര്‍ട്ടില്‍ നിന്ന് തുര്‍ക്കിയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസം തുര്‍ക്കിയിലെത്തിയ സൗദി ദൗത്യസംഘം ഭൂകമ്പബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളും വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് നായ്ക്കളും അടക്കമുള്ള സന്നാഹങ്ങളോടെയാണ് സൗദി സംഘങ്ങള്‍ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ എത്തിയിരിക്കുന്നത്. സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള സെര്‍ച്ച് ആന്റ് റെസ്‌ക്യു സംഘവും സൗദി റെഡ് ക്രസന്റില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും ഫീല്‍ഡ് വളണ്ടിയര്‍മാരുടെ സംഘങ്ങളും സൗദി ദൗത്യസംഘത്തില്‍ ഉള്‍പ്പെടുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)