Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുന്നു- മന്ത്രി ആർ ബിന്ദു

കൊച്ചി- കേരളത്തിലെ പ്രൊഫഷനൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾക്ക് പ്രായോഗികവും സൈദ്ധാന്തികവുമായ പിന്തുണ നൽകുന്നതിനാണ് സംസ്ഥാന സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. അസാപ് കേരള ഇന്ന് (ശനി) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനുള്ള അംഗീകാരമായി ദേശീയ അക്രഡിറ്റേഷൻ ഏജൻസിയായ നാക്കി(NAAC)ന്റെ ഉയർന്ന ഗ്രേഡുകൾ നമ്മുടെ സർവകലാശാലകൾക്കും സർക്കാർ, എയ്ഡഡ് കോളെജുകൾക്കും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  
“വിദ്യാർത്ഥികളെ സ്വയം തൊഴിലന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽദാതാക്കളായി മാറ്റുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. പ്രൊഫഷനൽ സ്റ്റുഡന്റ്സ് സമ്മിറ്റും ഇതിന്റെ ഭാഗമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും നേരിടുന്ന പ്രശ്നങ്ങളും പരിമിതികളും പങ്കുവെക്കുന്നതിനുമുള്ള വേദി കൂടിയാണ് ഈ വിദ്യാർത്ഥി ഉച്ചക്കോടി,” മന്ത്രി പറഞ്ഞു. 
കേരളത്തെ പുതിയ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സർവകലാശാലകളും മറ്റു ഏജൻസികളും കേന്ദ്രീകരിച്ച് ഗവേഷണങ്ങൾക്കും നൈപുണ്യ വികസനത്തിനും വലിയ പിന്തുണ നൽകിവരുന്നു. കേരള സാങ്കേതിക സർവകലാശാലയോട് ചേർന്ന് ഐഐടി നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രം ആരംഭിക്കും. മഹാത്മാ ഗാന്ധി സർവകലാശാല ഒരു കമ്പനി രൂപീകരിക്കുകയും 35 കോടി രൂപ  ചിലവിൽ ഇന്നോവേഷൻ ഇൻക്യൂബേഷൻ സെന്റർ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ അടക്കം പ്രൊഫഷണൽ വിദ്യാർത്ഥികളെ പ്രായോഗിക തലത്തിൽ തൊഴിൽ, സംരഭക സജ്ജരാക്കാനുള്ള ശ്രമങ്ങളാണ് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
നമ്മുടെ വിദ്യാർത്ഥികൾക്ക് ഇവിടെ തുടരാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമില്ലാത്ത വിദേശ സർവകലാശാലകളിലേക്ക് വിദ്യാർത്ഥികൾ റിക്രൂട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ട്. ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ രംഗത്തെ ചൂഷണങ്ങളെ തടയും. 
പ്രൊഫഷനൽ സ്റ്റുഡന്റ്സ് സമ്മിറ്റ് ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 400ലധികം പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികളും അഞ്ഞൂറോളം അധ്യാപകരും ഉച്ചകോടിയിൽ പങ്കെടുക്കും. ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ചെയർമാൻ പത്മഭൂഷൺ ഡോ. കൃഷ്ണ എല്ലയാണ് മുഖ്യാതിഥി. നാക് ചെയർമാൻ ഡോ. ഭൂഷൺ പട്വർദ്ധൻ, ആമസോൺ വെബ് സർവ്വീസ് ഹെഡ് ഓഫ് ബിസിനസ് ഡെവലപ്മെന്റ് അമിത് മേത്ത തുടങ്ങി 25 വിദഗ്ധരുടെ വിവിധ സെഷനുകളും ചർച്ചകളും നടക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കും.  വാർത്താ സമ്മേളനത്തിൽ അസാപ് സിഎംഡി ഡോ. ഉഷ ടൈറ്റസ് പങ്കെടുത്തു.

Latest News