മക്ക - ഈ വർഷം നിരക്ക് കുറഞ്ഞ ഹജ് പാക്കേജുകളുടെ പ്രയോജനം 75,000 പേർക്ക് ലഭിക്കും. അൽമുയസ്സർ ഹജ് പാക്കേജ് നടപ്പാക്കുന്നതിന് 20 ആഭ്യന്തര ഹജ് സർവീസ് കമ്പനികളെ ഹജ്, ഉംറ മന്ത്രാലയം തെരഞ്ഞെടുത്തു. ഈ പാക്കേജിൽ 3,465 റിയാലാണ് നിരക്ക്. ഈ പാക്കേജിൽ പതിനായിരം പേർക്ക് അവസരം ലഭിക്കും. ദുൽഹജ് 11 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ ഇവർക്ക് മശാഇർ മെട്രോ സേവനവും ലഭിക്കും. മറ്റു ദിവസങ്ങളിൽ ബസുകളിലാണ് യാത്രാ സൗകര്യം ലഭിക്കുക.
കുറഞ്ഞ നിരക്കിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന രണ്ടാമത്തെ പാക്കേജിൽ 65,000 പേർക്ക് അവസരം ലഭിക്കും. ഈ പാക്കേജ് നടപ്പാക്കുന്നതിന് 57 സർവീസ് കമ്പനികളെ ഹജ്, ഉംറ മന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്.
മക്കയിൽ ലൈസൻസുള്ള കെട്ടിടങ്ങളിലാണ് തീർഥാടകരെ പാർപ്പിക്കേണ്ടത്. തീർഥാടകരിൽ ഒരാൾക്ക് നാലു ചതുരശ്രമീറ്റർ സ്ഥലം വീതം മുറികളിൽ നീക്കിവെക്കണം. ഓരോ തീർഥാടകനും വെവ്വേറെ കട്ടിലുകളുണ്ടായിരിക്കണം. അറഫയിൽ എയർകണ്ടീഷൻ ചെയ്ത, തീപ്പിടിക്കാത്ത തമ്പുകളിലാണ് തീർഥാടകർക്ക് താമസം ഒരുക്കേണ്ടത്. തമ്പുകളിൽ തീർഥാടകർക്ക് 1.6 ചതുരശ്രമീറ്റർ സ്ഥലം വീതം നീക്കിവെക്കണം. 30 തീർഥാടകർക്ക് ഒന്ന് എന്ന തോതിൽ ടോയ്ലെറ്റുകളുമുണ്ടായിരിക്കണം. മുസ്ദലിഫയിൽ രാപ്പാർക്കുമ്പോൾ രണ്ടു മൊബൈൽ ടോയ്ലെറ്റുകൾ വീതവും സർവീസ് കമ്പനികൾ ഒരുക്കണം.
ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള നിരക്കുകൾ ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലാണ്. ഏറ്റവും കൂടിയ നിരക്ക് 11,905 റിയാലും. മിനായിലെ മലമുകളിൽ നിർമിച്ച ബഹുനില കെട്ടിടങ്ങളിൽ താമസം ലഭിക്കുന്നവരാണ് ഏറ്റവും ഉയർന്ന നിരക്ക് അടയ്ക്കേണ്ടത്. ജനറൽ വിഭാഗത്തിൽ ആദ്യ കാറ്റഗറിയിൽ ജംറയിൽ നിന്ന് തമ്പുകളിലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ 7,561, 7,661, 7,786, 7,911, 8,036, 8,099, 8,166 റിയാൽ തോതിലും രണ്ടാം കാറ്റഗറിയിൽ 7,410, 7,535, 7,660, 7,785, 7,848, 7,910 റിയാൽ തോതിലും മൂന്നാം കാറ്റഗറിയിൽ 6,608, 6,733, 6,858, 6,983, 7,046, 7,108 റിയാൽ തോതിലുമാണ് നിരക്ക്.