Sorry, you need to enable JavaScript to visit this website.

സാനിറ്ററി നാപ്കിനില്‍ സ്വര്‍ണക്കട്ടികള്‍; റിയാദ് യാത്രക്കാരി കൊച്ചിയില്‍ പിടിയില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം പിടികൂടിയ സ്വര്‍ണം

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍  എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. 55 ലക്ഷം രൂപ വില വരുന്ന 1063 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും എയര്‍ കസ്റ്റംസ് ഇന്റെലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.  പുലര്‍ച്ചെ ഐ.എക്‌സ് 422 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്നും എത്തിയ സ്ത്രീ 30 ലക്ഷം രൂപ വില വരുന്ന 582.64 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടികളാണ് കടത്താന്‍ ശ്രമിച്ചത്. അഞ്ച് സ്വര്‍ണക്കട്ടികളാണ് ഇവരില്‍നിന്ന്‌ന പിടിച്ചെടുത്തത്. ചുവന്ന നിറത്തിലുള്ള സാനിറ്ററി നാപ്കിനുകള്‍ക്കുള്ളിലാണ്  സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച മറ്റൊരു സ്ത്രീയും കസ്റ്റംസിന്റെ വലയിലായി. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ഇറ്റലിയില്‍ നിന്നും ദോഹ വഴിയാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. 25 ലക്ഷം രൂപ വില വരുന്ന 480.25 ഗ്രാം സ്വര്‍ണം ഇവര്‍ ഹാന്റ് ബാഗിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിയിലായ രണ്ട് സ്ത്രീകളും പരിശോധനകള്‍ പൂര്‍ത്തിയാക്കി ഗ്രീന്‍ ചാനല്‍ വഴി പുറത്തേയ്ക്കിറങ്ങുന്നതിനിടെ തിരിച്ച് വിളിച്ച് പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണത്തിന് വന്‍തോതില്‍ വില വര്‍ദ്ധിച്ചതോടെ അനധികൃതമായ സ്വര്‍ണക്കടത്തും കൂടി വരുന്നതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍  സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാര്‍ തുടര്‍ച്ചയായി പിടിയിലായതോടെ സ്വര്‍ണക്കടത്ത് സംഘം കരിയര്‍മാരായി സ്ത്രീകളെ രംഗത്തിറക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കസ്റ്റംസ് വിഭാഗം ജാഗ്രത പാലിച്ച് വരികയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മാത്രം 16 കേസുകളിലായി അഞ്ച് കോടിയോളം രൂപ വില വരുന്ന 10.37 കിലോഗ്രാം സ്വര്‍ണമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News