അലപ്പോ- തുര്‍ക്കിയും സിറിയയും കണ്ടത് വലിയ ദുരന്തമാണ്. ഭൂകമ്പം നാശം വിതച്ച കഥകള്‍ ഇത് ആദ്യവുമല്ല. എങ്കിലും ജീവിതത്തെക്കുറിച്ച പ്രതീക്ഷകള്‍ വളര്‍ത്താനാണ്, നിരാശരാകാനല്ല ഓരോ ദുരന്തവും മനുഷ്യനെ പഠിപ്പിക്കുന്നത്. കരുത്തനാകാനും കൂടുതല്‍ നല്ല മനുഷ്യനാകാനുമാണ്.
ദുരന്തത്തിന് ഇരയായ ആയിരക്കണക്കിന് മനുഷ്യരല്ല, പ്രകൃതിയുടെ വിധിയെ അതിജീവിച്ച് ജീവിതത്തിലേക്ക് ഉയര്‍ത്തെഴുന്നേറ്റ നൂറുകണക്കിനാളുകളാണ് മനുഷ്യനിലും ദൈവത്തിലുമുള്ള വിശ്വാസത്തിന് കരുത്താകുന്നത്. സിറിയന്‍, തുര്‍ക്കി ദുരന്തഭൂമിയില്‍നിന്നും അത്തരം ഹൃദയഹാരിയായ അനേകം കഥകളുണ്ടായി. അത് നമ്മെ പ്രചോദിപ്പിക്കുന്നു, വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു, പുതിയ പാഠങ്ങള്‍ പകര്‍ന്നുതരുന്നു.
ജീവശ്വാസം നിലക്കും മുമ്പെ, ഉദരത്തില്‍ പേറിയ കുഞ്ഞിനെ ഈ മഹാലോകത്തേക്ക് ഇറക്കിവിട്ട് കടന്നുപോയ സിറിയയിലെ ആ ഉമ്മ. മരിച്ചു മരവിച്ച ഉമ്മയുടെ പൊക്കിള്‍കൊടിയില്‍നിന്ന് ആ കുഞ്ഞിനെ വേര്‍പെടുത്തിയെടുത്തത് രക്ഷാപ്രവര്‍ത്തകരാണ്. നാശം വിതച്ച ഭൂകമ്പത്തിന്റെ ഒരിക്കലും മറക്കാത്ത ഓര്‍മയാണവള്‍. ദേഹം മുഴുവന്‍ പരിക്കുകളുമായി, ഇടിഞ്ഞുപൊളിഞ്ഞ കോണ്‍ക്രീറ്റിനും മുറിഞ്ഞുമാറിയ കമ്പിക്കഷണങ്ങള്‍ക്കുമിടയിലേക്കാണവള്‍ പിറന്നുവീണത്.
കുഞ്ഞനിയന്റെ ശരീരത്തിലേക്ക് കോണ്‍ക്രീറ്റ് കഷണം പതിക്കാതിരിക്കാന്‍ കുരുന്നുകരങ്ങള്‍ കൊണ്ട് രക്ഷാകവചമൊരുക്കി മരണം കാത്തുകിടന്ന ആ പെണ്‍കുട്ടി. ഏതു നിമിഷവും ജീവിതത്തോട് വിട പറയുമെന്നറിഞ്ഞിട്ടും കുഞ്ഞനിയനെ വേദനിപ്പിക്കാതിരിക്കാനുള്ള ആ മനസ്സ്. അതിജീവിക്കുന്നത് ആ മനസ്സുകളാണ്. ജീവിതത്തിലേക്ക് അവര്‍ തിരികെയെത്തുമ്പോള്‍ മനുഷ്യന് അത് നല്‍കുന്ന പാഠവുമതാണ്.
#فيديو_وام
— وكالة أنباء الإمارات (@wamnews) February 8, 2023
فريق الإنقاذ الإماراتي ينقذ عائلة سورية من تحت أنقاض منزلها جراء #زلزال_تركيا#الفارس_الشهم2 pic.twitter.com/J0d6MVsA5Z
ഇന്ന്, യു.എ.ഇയില്‍നിന്നുള്ള രക്ഷാസംഘം ഒരു കുടുംബത്തിലെ നാലുപേരെയാണ് ജീവനോടെ പുറത്തെടുത്തത്. മഹാദുരന്തത്തിനിടയിലും ഇത്തരം അത്ഭുതങ്ങള്‍ കാത്തിരിക്കുന്നുണ്ട്. അമ്മയും മകനും രണ്ട് പെണ്‍മക്കളുമടങ്ങുന്ന സിറിയന്‍ കുടുംബമാണ് യു.എ.ഇയുടെ ഗാലന്റ് നൈറ്റ് 2 എന്ന രക്ഷാസംഘത്തിന്റെ കൈയില്‍പെട്ടത്. തകര്‍ന്നടിഞ്ഞ കെട്ടിട കൂമ്പാരങ്ങള്‍ക്കിടയില്‍നിന്ന് അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇവരെ പുറത്തെടുത്തത്.
ദുരന്തം കഴിഞ്ഞ് മൂന്നു ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ജീവനോടെ ഇനി ആരെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷ രക്ഷാപ്രവര്‍ത്തകര്‍ക്കില്ല. കണ്ടെടുത്ത മൃതദേഹങ്ങള്‍ ഇരുപതിനായിരത്തോട് അടുക്കുന്നു. എങ്കിലും പ്രതീക്ഷയുടെ തിരിവെട്ടം അവര്‍ കൈവിടുന്നില്ല. രക്ഷയുടെ കരങ്ങള്‍ തേടി ഒരു കുരുന്നു നിലവിളി കാത്തിരിക്കുന്നുണ്ടാകാം, വേദനയുടെ ചെറുഞരക്കം ഏതു നിമിഷവും കാതില്‍ പതിക്കാം. അതാണ് മണ്ണില്‍ തിരയുന്നവന്റെ പ്രതീക്ഷ. എല്ലാ മനുഷ്യരുടേയും പ്രതീക്ഷ. ഏതു ദുരന്തമുഖത്തും തെളിയുന്ന സഹാനുഭൂതിയുടെ, ജീവകാരുണ്യത്തിന്റെ, അഗാധമായ മനുഷ്യസ്‌നേഹത്തിന്റെ ഉള്‍ക്കാഴ്ച നല്‍കുന്ന ദൃശ്യങ്ങള്‍. ഏതു ദുരന്തത്തിന്റേയും അവസാന പാഠം.