കുവൈത്ത് സിറ്റി - കുവൈത്തിലേക്ക് പുതിയ വിസകളില്‍ വേലക്കാരികളെ അയക്കുന്നത് ഫിലിപ്പൈന്‍സ് നിര്‍ത്തിവെച്ചു. വേലക്കാരികള്‍ക്ക് സംരക്ഷണം നല്‍കുന്ന കൂടുതല്‍ ഗ്യാരണ്ടികള്‍ ലഭ്യമാകുന്നതു വരെയാണ് വേലക്കാരികളെ അയക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. വിദേശങ്ങളില്‍ ജോലി ആഗ്രഹിക്കുന്ന ഫിലിപ്പിനോകള്‍ക്ക് മറ്റു രാജ്യങ്ങളെ കുറിച്ച് ആലോചിക്കാവുന്നതാണെന്ന് ഫിലിപ്പൈന്‍സ് പ്രവാസികാര്യ മന്ത്രി സൂസന്‍ ഓപ്‌ലെ പറഞ്ഞു. കുവൈത്തിന് ബദലുള്ള രാജ്യമായി ഹോങ്കോംഗിനെ പരിഗണിക്കാവുന്നതാണ്. ഹോങ്കോംഗ് ഫിലിപ്പൈന്‍സിനോട് ഏറെ അടുത്ത രാജ്യവുമാണ്.
സിങ്കപ്പൂരിലും ഫിലിപ്പിനോകള്‍ക്ക് തൊഴില്‍ തേടാവുന്നതാണ്. കുവൈത്ത് അധികൃതരുമായി ഫിലിപ്പൈന്‍സ് വൈകാതെ ചര്‍ച്ചകള്‍ നടത്തും. കുവൈത്തിലെ ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് മാറ്റങ്ങളുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും സൂസന്‍ ഓപ്‌ലെ പറഞ്ഞു.
കുവൈത്തില്‍ കഴിഞ്ഞ മാസം ഫിലിപ്പിനോ വേലക്കാരി നിഷ്ഠൂരമായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ റിക്രൂട്ട്‌മെന്റ് വക്കാലകള്‍ക്ക് അംഗീകാരം നല്‍കുന്നത് ഫിലിപ്പൈന്‍സ് ഗവണ്‍മെന്റ് നിര്‍ത്തിവെച്ചിട്ടുണ്ട്. തൊഴിലാളികളെ അയക്കുന്നത് ക്രമീകരിക്കുകയും നിയമ ലംഘനങ്ങള്‍ തടയുകയും ചെയ്യുന്ന പുതിയ വ്യവസ്ഥകളും നിയമാവലികളും അംഗീകരിക്കുന്നതു വരെ കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് വക്കാലകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തിവെച്ചത് പ്രാബല്യത്തിലുണ്ടാകുമെന്ന് ഫിലിപ്പൈന്‍സ് അധികൃതര്‍ പറഞ്ഞു.
കുവൈത്തില്‍ ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ഫിലിപ്പൈന്‍സ് ഗവണ്‍മെന്റ് ഏതാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റിക്രൂട്ട് ചെയ്ത് രണ്ടു വര്‍ഷം പിന്നിട്ടവര്‍ അടക്കം കുവൈത്തിലുള്ള ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികളുടെ വിവരങ്ങള്‍ കൈമാറാനും ഇവര്‍ കുവൈത്തിലുണ്ടെന്നും ജോലിയിലാണെന്നും ഉറപ്പുവരുത്താനും ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളോട് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം അത്തരം ഓഫീസുകളുമായുള്ള ഇടപാടുകള്‍ വിലക്കുമെന്നും ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ മാസം കുവൈത്ത് അല്‍സാല്‍മി റോഡിനു സമീപമാണ് ഫിലിപ്പിനോ വേലക്കാരിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തിയത്. കേസിലെ പ്രതിയായ കുവൈത്തി കൗമാരക്കാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സ്വന്തം വീട്ടിലെ ജോലിക്കാരിയായ ഫിലിപ്പിനോയെ കൗമാരക്കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കാന്‍ വേണ്ടി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)