Sorry, you need to enable JavaScript to visit this website.

ഉളുപ്പ് എന്ന മൂന്നക്ഷരം ബാക്കിയുണ്ടെങ്കിൽ സിറിയക് ജോസഫ് രാജിവെക്കണം-കെ.ടി ജലീൽ എം.എൽ.എ

തിരുവനന്തപുരം-ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് രാജിവെച്ച അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെ പങ്കാളിയാണ് ലോകായുക്ത ചെയർമാൻ ജസ്റ്റീസ് സിറിയക് ജോസഫെന്നും ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ സ്ഥാനം രാജിവെക്കണമെന്നും മുൻ മന്ത്രി ഡോ. കെ.ടി ജലീൽ എം.എൽ.എ. സൈബി ജോസഫ് പരൽമീനാണെങ്കിൽ സിറിയക് ജോസഫ് വൻ സ്രാവ് ആണെന്നും ജലീൽ ആരോപിച്ചു. 
ജലീലിന്റെ വാക്കുകൾ:
കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് കൈക്കൂലി കൊടുക്കാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം നേരിടുന്ന കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: സൈബി ജോസ് കിടങ്ങൂർ തൽസ്ഥാനം രാജിവെച്ചു. അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജി അംഗീകരിക്കുകയും ചെയ്തു. സൈബിക്ക് സി.പി.എമ്മുമായോ ഇടതുപക്ഷവുമായോ പുലബന്ധം പോലും ഇല്ലാത്തത് കൊണ്ടാകാം മുഖ്യധാരാ പത്രങ്ങളും ചാനലുകളും ചരമക്കോളത്തിന് താഴെ വാർത്ത ഒതുക്കിയത്. 'ഹാ കഷ്ടം' എന്നല്ലാതെ എന്തുപറയാൻ?
സൈബി പരൽമീൻ മാത്രമാണ്. കൂട്ടുകച്ചവടക്കാരനായ വൻസ്രാവ് ഇപ്പോഴും മാന്യനായി വിലസി നടക്കുന്നുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ് കർണ്ണാടക, ഝാർഖണ്ഡ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും കേരള, ദൽഹി ഹൈക്കോടതികളിൽ ജഡ്ജായും സുപ്രീം കോടതിയിൽ ന്യായാധിപനായും പ്രവർത്തിച്ചിരുന്നപ്പോൾ സൈബി ജോസ് അവിടങ്ങളിൽ ഫയൽ ചെയ്ത വക്കാലത്തിനെ സംബന്ധിച്ചും ലഭിച്ച അനുകൂല വിധികളെ കുറിച്ചും ശക്തമായ  ആരോപണം ഉയർന്നിട്ടുണ്ട്. ഈ നിമിഷം വരെ ജസ്റ്റിസ് സിറിയകോ അഡ്വ: സൈബിയോ ഇതിനോട് പ്രതികരിച്ചതായി കണ്ടില്ല. അതിനാൽ അതിന്റെ വിവരങ്ങൾ നേരിട്ട് ശേഖരിക്കാൻ തന്നെ തീരുമാനിച്ചു. 
'ഉളുപ്പ്' എന്ന മൂന്നക്ഷരം ഉണ്ടെങ്കിൽ സൈബിയുടെ പങ്കു കച്ചവടക്കാരനായ ജസ്റ്റിസ് സിറിയക് ജോസഫും രാജിവെച്ച് പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വരും. എന്ത് വേണമെന്ന് 'ഏമാന്' തീരുമാനിക്കാം.
 

Latest News