Sorry, you need to enable JavaScript to visit this website.

കഥ പറയാനെത്തിയപ്പോൾ ഉണ്ണി മുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചു; കേസിൽ സ്റ്റേ നീക്കി

കൊച്ചി-നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ തുടർ നടപടികൾക്ക് ഏർപ്പെടുത്തിയിരുന്ന സ്‌റ്റേ ഹൈക്കോടതി നീക്കി. തുടർ നടപടികൾക്ക് സ്‌റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സ്റ്റേ നീക്കിയത്. 
ജഡ്ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി നേരത്തെ ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പുണ്ടാക്കിയതായി സൈബി കോടതിയിൽ രേഖ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റേ നൽകിയിരുന്നത്. എന്നാൽ എന്നാൽ തെറ്റായ വിവരം നൽകിയാണ് കോടതിയിൽനിന്നു സൈബി സ്‌റ്റേ വാങ്ങിയതെന്നു പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നു കാണിച്ച് സൈബി നൽകിയ രേഖ വ്യാജമെന്നു കോടതി കണ്ടെത്തി. വിഷയം ഗൗരവമാണെന്നു കോടതി വ്യക്തമാക്കി. കഥ പറയാൻ വീട്ടിലെത്തിയപ്പോൾ ഉണ്ണി മുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി.

അതേസമയം, ഇന്നു കേസ് പരിഗണിച്ചപ്പോൾ സൈബി ജോസ് ഹാജരായില്ല. പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നു വ്യക്തമാക്കിയ കോടതി, വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ നടന്നതായും വ്യക്തമാക്കി. സംഭവത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ണിമുകുന്ദനോടു കോടതി നിർദേശിച്ചു. ഹർജി പരിഗണിക്കുന്നത് 17ലേക്കു മാറ്റി വച്ചു.
 

Latest News