ഷിംല- ഓഹരി വിപണിയില്‍ തിരിച്ചടിവുകള്‍ നേരിടുന്നതിനിടെ ഗൗതം അദാനിയുടെ ഹിമാചല്‍ പ്രദേശിലെ സ്ഥാപനത്തില്‍ റെയ്ഡ്. സോളന്‍ ജില്ലയിലെ പര്‍വാനോയിലുള്ള അദാനി വില്‍മര്‍ കമ്പനിയുടെ സി ആന്റ് എഫ് യൂണിറ്റില്‍ ഇന്നലെ രാത്രി വൈകിയാണ് ഹിമാചല്‍ പ്രദേശിലെ എക്സൈസ് വകുപ്പ് റെയ്ഡ് നടത്തിയത്. ഈ സ്ഥാപനം ജി എസ് ടി തിരിച്ചടവില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. കമ്പനിയിലെ രേഖകളും മറ്റും റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇതുംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതിനുശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അദാനി ഗ്രൂപ്പുമായി ബി ജെ പിയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ആരോപണം ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ്. അദാനി ഗ്രൂപ്പിന്റെ ഓഹരിത്തട്ടിപ്പ് പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കാത്തതില്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം. ഭയം കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം നിരന്തരമായി തള്ളുന്നതില്‍ പ്രതിഷേധമുയരുന്നതിനിടയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഹിമാചല്‍ പ്രദേശില്‍, ചരക്കുഗതാഗത നിരക്ക് പരിഷ്‌കരിച്ചതിനെത്തുടര്‍ന്ന് രണ്ട് സിമന്റ് പ്ലാന്റുകള്‍ അടച്ചുപൂട്ടിയത് സംബന്ധിച്ച് അദാനി ഗ്രൂപ്പും ട്രക്ക് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയായിരുന്നു റെയ്ഡ്.