Sorry, you need to enable JavaScript to visit this website.

ഹജ് പാക്കേജുകൾ വ്യാഴാഴ്ച മുതൽ തെരഞ്ഞെടുക്കാം 

മക്ക- ഈ വർഷം ഹജ് നിർവഹിക്കാൻ ഉദ്ദേശിക്കുന്ന ആഭ്യന്തര ഹാജിമാർക്ക് റമദാൻ 15 മുതൽ തങ്ങൾക്ക് അനുയോജ്യമായ നിരക്കുകളിലുള്ള കാറ്റഗറികളും പാക്കേജുകളും ഇ-ട്രാക്ക് വഴി തെരഞ്ഞെടുക്കാം. ദുൽഖഅദ് ഒന്നു മുതലാണ് ലഭ്യമായ കാറ്റഗറികളിലും പാക്കേജുകളിലും രജിസ്‌ട്രേഷൻ ആരംഭിക്കുക. 
പണമടക്കുന്നതിനു മുമ്പായി ഹജ് ബുക്കിംഗ് റദ്ദാക്കുന്നവർ പ്രത്യേക ഫീസ് നൽകേണ്ടതില്ല. എന്നാൽ വ്യവസ്ഥകൾ പൂർണമല്ലാത്തതിനാൽ ആഭ്യന്തര മന്ത്രാലയം ഹജ് അനുമതി പത്രം നിഷേധിച്ച ശേഷം ബുക്കിംഗ് റദ്ദാക്കുന്നവർ 26.5 റിയാൽ നൽകേണ്ടിവരും. ദുൽഹജ് ഒന്നു വരെയുള്ള കാലത്ത് തെരഞ്ഞെടുത്ത ഹജ് പാക്കേജ് പ്രകാരമുള്ള പണം അടച്ച്, ഹജ് അനുമതി പത്രം പ്രിന്റ് ചെയ്യുന്നതിനു മുമ്പായി രജിസ്‌ട്രേഷൻ റദ്ദാക്കുന്നവർ 68.25 റിയാൽ നൽകേണ്ടിവരും. 
ദുൽഹജ് രണ്ടിന് ബുക്കിംഗ് റദ്ദാക്കുന്നവർക്ക് അടച്ച ഹജ് നിരക്കിന്റെ 30 ശതമാനവും ദുൽഹജ് മൂന്നിന് റദ്ദാക്കുന്നവർക്ക് 40 ശതമാനവും നാലിന് റദ്ദാക്കുന്നവർക്ക് 50 ശതമാനവും അഞ്ചിന് റദ്ദാക്കുന്നവർക്ക് 60 ശതമാനവും ആറിന് റദ്ദാക്കുന്നവർക്ക് 70 ശതമാനവും നഷ്ടമാകും. ദുൽഹജ് ഏഴിന് ബുക്കിംഗ് റദ്ദാക്കുന്നവർക്ക് അവർ അടച്ച പണത്തിൽ നിന്ന് ഒന്നും തിരികെ ലഭിക്കില്ല. ഇതിനു പുറമെ ഓൺലൈൻ സേവന ഫീസ് ഇനത്തിൽ 68.25 റിയാലും ബാങ്ക് ട്രാൻസ്ഫർ ഫീസ് ആയി 7.35 റിയാലും ഇവർ അടക്കേണ്ടിവരും. 
ഓഫീസുകൾക്കും ക്ലിനിക്കുകൾക്കും പൊതു സേവനങ്ങൾക്കും ഉപയോഗിക്കുന്നതിന് ഈ വർഷത്തെ ഹജിനും ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മിനായിലെ തമ്പുകളിൽ 48 ചതുര ശ്രമീറ്റർ സ്ഥലം സൗജന്യമായി അനുവദിക്കും. തമ്പുകളിൽ ഒരു തീർഥാടകന് നീക്കിവെക്കുന്ന സ്ഥലം 1.6 ചതുരശ്ര മീറ്ററിൽ കുറവാകാൻ പാടില്ല എന്ന് വ്യവസ്ഥയുണ്ട്. തമ്പുകളുടെ ശേഷിയുടെ 75 ശതമാനവും അതിൽ കൂടുതലും തീർഥാടകരെ പാർപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തലും നിർബന്ധമാണ്. അനുവദിക്കപ്പെട്ട തമ്പുകൾ സ്വീകരിക്കുന്നതിന് സർവീസ് കമ്പനികൾ വിസമ്മതിക്കുന്ന പക്ഷം അക്കാര്യം ഹജ്, ഉംറ മന്ത്രാലയത്തെ അറിയിക്കുന്നതിനുള്ള അവസാന ദിവസം ശവ്വാൽ ഇരുപത് ആണെന്നും മന്ത്രാലയം വ്യക്തമാക്കി. 

 

Latest News