Sorry, you need to enable JavaScript to visit this website.

കുമ്മനത്തിന് വെജിറ്റേറിയൻ മെനു ഒരുക്കി മിസോറാം ഭവൻ

ന്യൂദൽഹി -മിസോറാം ഗവർണറായി ചൊവ്വാഴ്ച ചുമതല ഏൽക്കുന്ന മുൻ ബിജെപി അധ്യക്ഷന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഭാഷ തന്നെയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംഘടന പ്രവർത്തനത്തിനായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും മിസോറാം എന്നു തികച്ചു പറയുന്നത് പോലും ഗവർണർ ആയിട്ടുള്ള നിയമന ഉത്തരവ് കിട്ടിയതിന് ശേഷമാണെന്നാണ് ഇന്നലെ ഡൽഹിയിൽ വെച്ച് അദ്ദേഹം പറഞ്ഞത്. 
എഴുത്തിനും വായനയ്ക്കും അപ്പുറം ഉച്ചാരണം ഒരു മലയാളിക്ക് ഒരിക്കലും നാവിൻ തുമ്പിൽ വഴങ്ങാൻ സാധ്യതയില്ലാത്ത ഭാഷയാണ് മിസോ. എന്നാൽ, പ്രാദേശിക സംസാര ഭാഷയ്‌ക്കൊപ്പം തന്നെ ഇംഗഌഷിനും മിസോറാമിൽ തുല്യ പ്രാധാന്യം ഉള്ളത് കൊണ്ട് രാജ്ഭവനിലെ ഭരണം ഭാഷയുടെ പേരിൽ കുമ്മനത്തിനു മുന്നിൽ വലിയ വെല്ലുവിളിയാകില്ല. 
ഗവർണറായി ചുമതല ഏൽക്കാൻ മിസോറാം തലസ്ഥാനമായ ഐസ്വാളിലേക്കു പോകും മുൻപ് കുമ്മനം രാജശേഖരൻ ഇന്നലെ ഡൽഹി ചാണക്യപുരിയിലെ മിസോറാം ഭവനിൽ ഉച്ചയോടെ എത്തിച്ചേർന്നു. നിയുക്ത ഗവർണർ ശുദ്ധ വെജിറ്റേറിയൻ ആണെന്നു മനസിലാക്കിയ മിസോറാം ഭവൻ ജീവനക്കാർ ചിക്കനും പോർക്കും മെയിൻ മെനുവായ അടുക്കള ഒഴിവാക്കി അദ്ദേഹത്തിനുള്ള ഭക്ഷണം ഡൽഹിയിലെ കേരള ഹൗസിൽ നിന്നാണ് എത്തിച്ചത്. എന്നാൽ, മുളങ്കൂമ്പും ഇല്ലക്കറികളുമൊക്കെയായി വിഭവ സമൃദ്ധമാണ് മിസോറാമിലെ വെജിറ്റേറിയൻ മെനുവും.
സത്യപ്രതിജ്ഞ ചടങ്ങിൽ എങ്കിലും നിയുക്ത ഗവർണർ കോട്ടും സ്യൂട്ടും ധരിക്കുമോ എന്നു ചോദിച്ചപ്പോൾ ഈ വെള്ള ഷർട്ടിനും മുണ്ടിനും ഒരു മാറ്റവും ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗവർണർ ആയി നിയമന ഉത്തരവ് കിട്ടിയപ്പോൾ പ്രത്യേക ഡ്രസ് കോഡ് ആവശ്യമുണ്ടാകുമോ എന്ന് അന്വേഷിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രത്യേക നിബന്ധനകളില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. മിസോറാമിൽ തണുപ്പു കാലാവസ്ഥയായത് കൊണ്ട് ശൈത്യകാലങ്ങളിൽ ഡൽഹിയിൽ വരുമ്പോൾ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ഹാഫ് ജാക്കറ്റുകൾ വാങ്ങിയിട്ടുണ്ട്.
പഴയതു പോലെ ഇനി രാഷ്ട്രീയം പറയാനാകില്ലെന്നു പറഞ്ഞാണ് മിസോറാം ഭവനിൽ കുമ്മനം രാജശേഖരൻ മാധ്യമപ്രവർത്തകരോടു സംസാരിച്ചു തുടങ്ങിയത്. വളരെ പെട്ടെന്നു ലഭിച്ച സ്ഥാനലബ്ദിയിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. സാമൂഹിക, സാംസ്‌കാരിക, ധാർമിക മേഖലകളിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. മിസോറാമിലെ ജനങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കും. വിവിധ സമരമുഖങ്ങളിൽ നിറഞ്ഞു നിന്നിട്ട് ഇപ്പോൾ ഗവർണർ സ്ഥാനത്തേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു എന്നു ചോദിച്ചപ്പോൾ, എനിക്കു സമരം ചെയ്യാൻ മാത്രമല്ല ഗവർണർ കൂടി ആകാനും കഴിയുമെന്നു കാണിച്ചു കൊടുക്കേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിവിധ സംഘടന, രാഷ്ട്രീയ മേഖലകളിൽ നേതൃനിരയിൽ നിന്നിട്ടുണ്ടെങ്കിലും ഭരണനിർവണ ചുമതലകളുടെ ഭാഗമായി ഇന്നുവരെ താനൊരു പഞ്ചായത്തു മെമ്പർ പോലും ആയിട്ടില്ല എന്നും കുമ്മനം കൂട്ടിച്ചേർത്തു. പൊതു രംഗത്തെ ദീർഘകാല പ്രവർത്തന പരിചയമാണ് ഏതു ചുമതലയും കൈകാര്യം ചെയ്യാനുള്ള തന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ഡൽഹിയിൽ നിന്നും ഗുവാഹത്തിയിലേക്കു പോകുന്ന അദ്ദേഹം ഇന്നു പുലർച്ചെയാണ് മിസോറാമിലേക്കു തിരിക്കുക.  ഇന്ന് രാവിലെ  പതിനൊന്നു മണിക്കാണു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ജൂൺ മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കുന്ന ഗവർണർമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തും. അതിന് ശേഷമേ ഇനി കേരളത്തിലേക്കുള്ള യാത്ര ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. 


 

Latest News