ചെന്നൈ- തൂത്തുക്കുടി സമരം വിജയത്തിലേക്ക്. വിവാദമായ തൂത്തൂകുടി വേദാന്ത ഗ്രൂപ്പിന്റെ സ്‌റ്റെർലൈറ്റ് പ്ലാന്റ് പൂർണമായും അടച്ചുപൂട്ടാൻ തമിഴിനാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമി ഉത്തരവിറക്കി. സ്‌റ്റെർലൈറ്റ് പ്ലാന്റിനെതിരായ ജനങ്ങളുടെ സമരത്തിന് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പ് വൻ വിവാദമായിരുന്നു. സംഭവത്തിൽ രാജ്യത്താകമാനം പ്രതിഷേധം ഉയർന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സർക്കാറിനോട് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു.
തൂത്തൂകുടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാന്റ് പൂർണ്ണമായി അടച്ചു പൂട്ടാതെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന് സമരക്കാർ നിലപാട് എടുത്തതിനെ തുടർന്നാണ് തീരുമാനം. നേരത്തെ പോലീസ് വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് താൽക്കാകമായി പ്ലാന്റ് അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ജനങ്ങൾ നിലപാടിൽ ഉറച്ചു നിൽക്കുകയും സംസ്ഥാനം ഒട്ടാകെ ജനരോഷം ആളിപ്പടരുകയും ചെയ്തതോടെയാണ് സർക്കാരിന് ഈ തീരുമാനമെടുക്കേണ്ടി വന്നത്. പ്ലാന്റ് സമീപ പ്രദേശങ്ങളിലെ ജലം മലിനമാകുന്നതിന് കാരണമാകുന്നുവെന്നും ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്നും ആരോപിച്ചാണ് ജനങ്ങൾ പ്രതിഷേധ സമരവുമായി മുന്നിട്ട് ഇറങ്ങിയത്. പതിനൊന്ന് പേരായിരുന്നു നൂറാം ദിവസത്തെ പ്രതിഷേധ മാർച്ചിൽ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. തുടർന്ന് അടുത്ത ദിവസവും പോലീസ് സമരക്കാർക്ക് നേരെ നിറയൊഴിച്ചു. ഇതിൽ ഒരു യുവാവ് മരണപ്പടുകയായിരുന്നു. ഇതിനെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങുകയായിരുന്നു. പ്ലാന്റ് തുറന്നതുമുതൽ തന്നെ പ്രതിഷേധം ഉടലെടുത്തിരുന്നു. കമ്പനി രണ്ടാം പ്ലാന്റ് തുറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം ആളി കത്തിയത്. മെയ് 22നു രണ്ടു ഭാഗത്തായാണു സമരം തുടങ്ങിയത്. ഇരുഭാഗത്തുമായി 20,000ത്തിലധികം പേരുണ്ടായിരുന്നു. പോലീസുകാർ 1500 പേരും. കലക്ടറേറ്റിലേക്കു മാർച്ച് ചെയ്തവർക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചതോടെ പ്രതിഷേധക്കാർ കല്ലേറു തുടങ്ങി. തുടർന്നാണ് പോലീസ് വെടിവെച്ചത്. കലക്ട്രേറ്റ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചാണ് സമരക്കാർ റാലി നടത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ തള്ളിയ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തമിഴ്‌നാട്ടിൽ പ്രവർത്തനം തുടങ്ങിയത് 1996ലായിരുന്നു. അക്കാലത്തുതന്നെ പ്ലാന്റ് പരിസരത്തെ ഭൂഗർഭജലം മലിനമാക്കുന്നു, പ്രദേശവാസികൾക്കു കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ ഉണ്ടാക്കുന്നുവെന്ന ആരോപണത്തിൽ സമരം തുടങ്ങിയിരുന്നു. പ്ലാന്റ് പൂർണ്ണമായും പ്രവർത്തനം തുടങ്ങുകയും, വീണ്ടും വിപൂലീകരിക്കാൻ പദ്ധതി തയ്യാറാക്കുകും ചെയ്തതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ഒരു നാട് ഒന്നടങ്കം പ്രതിഷേധത്തിൽ പങ്കെടുത്ത കാാഴ്ചയാണ് തൂത്തൂക്കുടിയിൽ കാണാൻ സാധിച്ചത്. തൂത്തുക്കുടിയെല സമരം രാജ്യാന്തര ശ്രദ്ധ ആകർഷിച്ചിരുന്നു. തൂത്തുക്കുടി പൊലീസ് വെടിവയ്പിൽ പ്രതിഷേധിച്ചു ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ തമിഴ്‌നാടിൽ ബന്ദും നടത്തിയിരുന്നു. തുടർന്നാണ് പ്ലാന്റ് പൂർണ്ണമായും പൂട്ടാൻ തമിഴ്‌നാട് മുഖ്യമന്ത്രി ഉത്തരവിറക്കിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തൂത്തുകുടിയിൽ സ്‌റ്റെർലൈറ്റ് കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയവർക്കെതിരെ പൊലീസ് വെടിവെച്ചത്. പോലീസിന്റെ ആക്രമണം ആസൂത്രിതമായിരുന്നെന്നും, കരുതികൂട്ടിയുള്ള കൊലപാതകമാണ് തൂത്തുകുടിയിൽ നടന്നതെന്നുമുള്ളതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. പോലീസ് വെടിവെപ്പിൽ സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടതായും 102 പേർക്ക് പരിക്കേറ്റതായും, കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ട ജില്ലാ കലക്ടർ സന്ദീപ് നന്ദൂരി സ്ഥിരീകരിച്ചു. 34 പോലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട് . സ്‌റ്റെർലൈറ്റ് പഌന്റ് ഇനി പ്രവർത്തിക്കില്ലെന്നും, ഇത് തന്നെയാണ് ഗവണ്മെന്റിന്റെ താൽപര്യമെന്നും കലക്ടർ നേരത്തെ പറഞ്ഞിരുന്നു.