കൂത്തുപറമ്പ്- ഉത്സവപ്പറമ്പിലെ ലേലത്തിന് വീറും വാശിയും ഏറിയപ്പോള്‍ നാടന്‍ പൂവന്‍കോഴി താരമായി. നാലുകിലോ തൂക്കം വരുന്ന കോഴി ലേലത്തിന് പോയത് 34,000 രൂപയ്ക്ക്. ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിലേലത്തുക പറന്നുയര്‍ന്നത്.
പത്തു രൂപയ്ക്കാണ് ആഘോഷ കമ്മിറ്റി കോഴിയെ ലേലം വിളിക്കാന്‍ തുടങ്ങിയത്. വീറും വാശിയും ഏറിയതോടെ ലേലത്തുക കത്തിക്കയറി. ആയിരവും പതിനായിരവും കടന്ന് ഇരുപതിനായിരം രൂപയില്‍ എത്തി. 20,000 കടന്നതോടെ പിന്നീടുള്ള ഒരോ വിളിക്കും സംഘാടകര്‍ 1,000 രൂപ നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാതെ വ്യക്തികള്‍ സംഘങ്ങളായി മത്സരരംഗത്ത് ഉറച്ചുനിന്നു.
തെയ്യത്തിന്റെ പുറപ്പാട് തുടങ്ങാന്‍ സംഘാടകര്‍ നിശ്ചയിച്ച സമയമായതോടെ റെക്കോഡ് തുകയായ 34,000 രൂപയ്ക്ക് ലേലം ഉറപ്പിച്ച് ടീം ഇളന്നീര്‍ എഫ്.ബി. കൂട്ടായ്മ പൂവന്‍കോഴിയെ സ്വന്തമാക്കി. ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി. അശോകന്‍, വി.കെ. സുനീഷ്, വി.പി. മഹേഷ്, കെ. ശരത്, എം. ഷിനോജ്, എം. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടുമണിക്കൂര്‍ നീണ്ട ലേലം നടത്തിയത്. ഉയര്‍ന്ന വിലയ്ക്ക് മുന്‍വര്‍ഷങ്ങളിലും ലേലം നടന്നിട്ടുണ്ടെങ്കിലും 34,000 രൂപ ഒരു കോഴിക്ക് കിട്ടുന്നത് ആദ്യമായിട്ടാണെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.