Sorry, you need to enable JavaScript to visit this website.

പറന്നുയരുന്നതിനിടെ വിമാനത്തിന് തീ പിടിച്ചു; സഡൻ ബ്രേക്കിൽ ടയറുകൾ പൊട്ടിത്തെറിച്ചു, 321 പേരും സുരക്ഷിതർ

Read More

(ഫൂക്കറ്റ്) ബാങ്കോംങ് - തായ്‌ലൻഡിൽ നിന്നും 321 പേരുമായി പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എൻജിന് തീ പിടിച്ച് ടയറുകൾ പൊട്ടിത്തെറിച്ചു. റഷ്യൻ ചാർട്ടർ വിമാനക്കമ്പനിയായ അസൂർ എയറിന്റെ ബോയിങ്ങ് 767 306ER എന്ന വിമാനമാണ് അപകടത്തിൽപെട്ടത്. തായ്‌ലൻഡിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 
 12 ജീവനക്കാരും 309 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ, എൻജിന് തീ പിടിച്ചതിനെ തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി ഇറക്കുകയായിരുന്നു. 190 കിലോമീറ്റർ വേഗതയിൽ പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് കേടുപാടുകൾ സംഭവിച്ചതെന്ന് തായ്-റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്‌ളൈറ്റ് റഡാറിൽ ശക്തമായ ഒരു തള്ളൽ രേഖപ്പെടുത്തി. പിന്നാലെ ശക്തമായൊരു സ്‌ഫോടന ശബ്ദം ഉയരുകയായിരുന്നു. ഇതോടെ വിമാനത്താവള ജീവനക്കാർ ടേക്ക് ഓഫ് പിൻവലിച്ചു. തുടർന്ന് പൈലറ്റ് സഡൻ ബ്രേക്ക് ഉപയോഗിക്കുകയും വിമാനത്തിന്റെ ചക്രങ്ങൾ ശക്തമായി റൺവേയിൽ ഉരസി ടയർ പൊട്ടിത്തെറിക്കുകയുമായിരുന്നു. എന്നാൽ യാത്രക്കാർക്കൊന്നും ഒരു പോറലുമേൽക്കാതെ രക്ഷിക്കാനായി. ഇവരെ പിന്നീട് മറ്റു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു. വിമാനത്തിന്റെ വലത് ചിറകിനടിയിൽ നിന്നും എൻജിനിൽനിന്നും പുക ഉയരുന്നത് വീഡിയോകളിൽ കാണാം. വിമാനത്തിന് 26 വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. അവിടത്തെ പ്രാദേശികസമയം ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കുട്ടികളെയും ഗർഭിണികളെയും വലച്ച് എയർ ഇന്ത്യ സർവീസ്; വട്ടം കറക്കിയത് 20ഉം 38ഉം മണിക്കൂർ

ദുബൈ / കരിപ്പൂർ - കാരണങ്ങൾ പലതുണ്ടെങ്കിലും ഗർഭിണികളും കുട്ടികളും അടക്കമുള്ള വിമാനയാത്രക്കാരെ വട്ടം കറക്കുന്നത് തുടരുകയാണ് എയർ ഇന്ത്യ സർവീസ്. ഏറ്റവും ഒടുവിൽ ദുബൈയിൽനിന്ന് കോഴിക്കോട്ട് എത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നത് 20 മണിക്കൂർ വൈകിയാണെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. 
 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ IX346 വിമാനം സാങ്കേതിക തകരാറാണ് കാരണം ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് ദുബൈയിൽനിന്ന് പറന്നുയർന്നത്. നൂറ്റമ്പതോളം യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിയത്. വിമാനത്തിലേക്കുള്ള യാത്രക്കാർ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം രാത്രിയേ പുറപ്പെടൂ എന്നറിയിപ്പുണ്ടായത്. ഇതോടെ യാത്രക്കാരെ രാത്രി ഹോട്ടലിലേക്ക് മാറ്റി. ഹോട്ടലിൽ എത്തിയപ്പോൾ വിമാനം പുലർച്ചെ മൂന്നിന് പുറപ്പെടുമെന്നും യാത്രക്കാർ രാത്രി 12ന് റിപ്പോർട്ട് ചെയ്യണമെന്നും അറിയിപ്പ് വന്നു. ഇതോടെ ചെറിയ കുട്ടികളും പ്രായമായവരും ഗർഭിണികളും അടക്കം വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു. പുലർച്ചെ മൂന്നുമണിയായിട്ടും പുറപ്പെടാത്തത് ചോദ്യംചെയ്തപ്പോൾ നാലിന് പോകുമെന്നായി അടുത്ത അറിയിപ്പ്. പിന്നീട് പലതവണയായി പല സമയം പറഞ്ഞെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഇതേ തുടർന്ന് കൊച്ചു കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു. അവസാനം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12.30നാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്. യാത്രക്കാർ ഇത് ചോദ്യംചെയ്‌തെങ്കിലും ഇതിലൊന്നും അധികൃതർക്ക് കുലുക്കമില്ലെന്ന മട്ടിലാണ് പ്രതികരണം. യാത്ര അനിശ്ചിതമായി നീണ്ടുപോയി യാത്രക്കാരെ ബുദ്ധിമുട്ടിക്കുമ്പോഴും ഭക്ഷണംപോലും ശരിയാംവിധം കിട്ടിയില്ലെന്നും പരാതിയുണ്ട്.
 എയർ ഇന്ത്യയുടെ വിമാനം ഈ ആഴ്ച മാത്രം മൂന്നു തവണയാണ് വൈകിയത്. വെള്ളിയാഴ്ച അബൂദബിയിൽനിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനം എൻജിനിൽ തീ കണ്ടതിനെ തുടർന്ന് 45 മിനിട്ടിനുശേഷം തിരിച്ചിറക്കിയിരുന്നു. ഇതിലെ 188 യാത്രക്കാരെ പിന്നീട് പല വിമാനങ്ങളിലായാണ് നാട്ടിലെത്തിച്ചത്. അതും മണിക്കൂറുകൾ വൈകി. കഴിഞ്ഞ ദിവസം ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനം ഒരു മണിക്കൂർ പറന്നശേഷം തിരിച്ചിറക്കിയിരുന്നു. ഇതിലെ യാത്രക്കാരെ 38 മണിക്കൂറിനു ശേഷമാണ് നാട്ടിലേക്ക് അയച്ചതെന്നും അനുഭവസ്ഥർ പറയുന്നു. 
 സാങ്കേതിക പ്രശ്‌നങ്ങളും എമർജൻസി ലാൻഡിംഗ് അടക്കമുള്ള ചില അപ്രതീക്ഷിത സാഹചര്യങ്ങളും തിരിച്ചറിയുമ്പോഴും യാത്രക്കാരുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണ് എയർ ഇന്ത്യ അധികൃതരെന്ന് യാത്രക്കാർ പറയുന്നു. വിമാനം മണിക്കൂറുകൾ വൈകുമ്പോഴും ബദൽ സംവിധാനങ്ങളൊരുക്കി യാത്രക്കാരെ യഥാസമയം, കാര്യമായ പ്രയാസങ്ങളില്ലാതെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം പലപ്പോഴും എയർ ഇന്ത്യയിൽനിന്ന് ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ വിമർശം.

Latest News