ലഖ്‌നൗ- ബി.ജെ.പി കനത്ത വെല്ലുവിളി നേരിടുന്ന ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൈരാന, നൂർപൂർ മണ്ഡലങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾക്കും അനുബന്ധ വിവിപാറ്റ് യന്ത്രങ്ങൾക്കും തകരാറെന്ന് പരാതി. കൈരാനയിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥി തബസ്സും ഹസൻ ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. 175 ബൂത്തുകളിൽ യന്ത്രങ്ങൾക്ക് തകരാറുള്ളതായാണ് പരാതി. കൈരാനയിലും നൂർപൂറിലും 270 വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
മുസ്ലിം, ദളിത് ഭൂരിപക്ഷ മേഖലകളിൽ വോട്ടിങ് യന്ത്രങ്ങളിൽ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നും തകരാറുള്ള യന്ത്രങ്ങൾ മാറ്റിയിട്ടില്ലെന്നും തബസ്സും ആരോപിച്ചു. യന്ത്രങ്ങൾ പ്രവർത്തിക്കാത്തതു കാരണം നിരവധി മുസ്ലിം സ്ത്രീകൾ നീണ്ട വരിയിൽ കാത്തുകെട്ടിക്കിടപ്പാണെന്നും അവർ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുള്ള ബൂത്തുകളിൽ വോട്ടർമാരെ വോട്ടു ചെയ്യുന്നതിൽ നിന്നും മനപ്പൂർവ്വം തടഞ്ഞതായും ആർ എൽ ഡി കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു. നൂർപൂറിൽ വോട്ടിങ് യന്ത്രങ്ങൽ ശരിയായി പ്രവരത്തിക്കുന്നില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൈരാന ലോക്‌സഭാ മണ്ഡലവും നൂർപൂർ നിയമസഭാ മണ്ഡലവും ബിജെപിയുടെ കയ്യിലാണിപ്പോൾ. കൈരാന ബിജെപി എംപി ഹുകും സിങിന്റെ മരണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മകൾ മൃഗാങ്ക സിംഗാണ് സ്ഥാനാർത്ഥി. നൂർപൂരിൽ ബിജെപി എംഎൽഎ ലോകേന്ദ്ര സിങിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
യുപിയിലേയും മഹാരാഷ്ട്രയിലേയും ഉപതെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിന് ചൂടേറിയ കാലാവസ്ഥ കാരണമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. കടുത്ത ചൂട് മൂലമാണ് യന്ത്രങ്ങൾക്ക് തകരാറെന്നും ഇതു പരിഹരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
അതിനിടെ, ഇ.വി.എം പരാതികളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാക്കളായ അജിത് സിംഗ്, ആർ.പി.എൻ സിംഗ്, പ്രൊഫ. രാംഗോപാൽ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പ്രതിനിധി സംഘം ഇന്ന് 3.30ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കാണും.