കോട്ടയം- കോട്ടയത്ത് കൊല്ലപ്പെട്ട കെവിൻ ജോസഫി(23)ന്റെ മൃതദേഹത്തിൽ മാരകമായ മുറിവുകൾ. കണ്ണുകൾ ചൂഴ്ന്നെടുത്ത് നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാർത്തയുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിലാണ് കെവിൻ ജോസഫിനെ ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെയാണ് തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കെവിന്റെ കൂടെ തട്ടിക്കൊണ്ടുപോയ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ചിരുന്നു. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ സഹോദരൻ അടക്കമുള്ളവർക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ നീനു പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാൻ എസ്.ഐ ഷിബു തയ്യാറായില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കാനുള്ളതിനാൽ ഇപ്പോൾ കേസെടുക്കാൻ പറ്റില്ലെന്നായിരുന്നു എസ്.ഐയുടെ വിശദീകരണം. കോട്ടയം എസ്.പിയെയും എസ്.ഐയും സ്ഥലം മാറ്റി.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാളെ കോട്ടയത്ത് ഹർത്താൽ നടത്തുമെന്ന് കോൺഗ്രസും ബി.ജെ.പിയും പ്രഖ്യാപിച്ചു.
കേരള മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാൻ കെൽപ്പില്ലാത്തയാളാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജിവെച്ച് വേറെ പണിക്ക് പോണമെന്നും ചെന്നിത്തല പറഞ്ഞു.