തിരുവനന്തപുരം - ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് വൈകീട്ടോടെയാണ് പ്രവേശിപ്പിച്ചത്. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കായാണ് അഡ്മിറ്റാക്കിയത്.
ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്‌സ് വി ചാണ്ടി ആരോപിച്ചിരുന്നെങ്കിലും ഇത് അദ്ദേഹവും കുടുംബവും നിഷേധിച്ചിരുന്നു. 'ഉമ്മൻ ചാണ്ടിയുടെ ചെറിയ മകൾ ഓക്കെയാണ്. എന്നാൽ, മറ്റു മക്കളും ഉമ്മൻചാണ്ടിയുടെ ഭാര്യയുമാണ് ചികിത്സ നിഷേധിക്കുന്നതെന്നാണ്' മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ സഹോദരൻ അലക്‌സ് വി ചാണ്ടി ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹം ഇന്ന് കുറ്റപ്പെടുത്തിയിരുന്നു. അതിനിടെ,
അച്ഛന് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയിൽ അച്ഛന്റെ സഹോദരന് മറുപടി നൽകാൻ താനില്ലെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയിൽ അച്ഛൻ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുകയുണ്ടായി. വിവാദങ്ങൾക്കു പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ ആന്റണിയും എം.എം ഹസ്സനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഇന്ന് ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു.
വിവാദത്തിൽ തലയിടാതെ, താൻ ഇടയ്ക്കിടയ്ക്ക് ഉമ്മൻ ചാണ്ടിയെ കാണാൻ വരാറുണ്ടെന്നായിരുന്നു സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എ.കെ ആന്റണിയുടെ പ്രതികരണം. ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഉമ്മൻ ചാണ്ടിയെ സാധാരണ കാണുന്നത് പോലെ തന്നെയായിരുന്നുവെന്നും എ.കെ ആന്റണി വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)