മഞ്ചേരി- പോലീസിന്റെ പല തരത്തിലുള്ള കൈക്കൂലി വാർത്തകളും നാട്ടിൽ പാട്ടാണ്. എന്നാൽ ഏറ്റവും ഒടുവിൽ മഞ്ചേരിയിൽനിന്ന് പുറത്തുവരുന്നത് മറ്റൊരു കൈക്കൂലി കഥയാണ്. പൊലൂഷ്യൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ബൈക്കിൽ സഞ്ചരിച്ചതിന് 2,000 രൂപ ഫൈൻ ഈടാക്കിയ പോലീസ് അതിൽനിന്ന് 250 രൂപ സർക്കാരിലേക്ക് അടച്ചു 1750 രൂപ കൈവശപ്പെടുത്തി എന്നാണ് ആരോപണം. മുൻ ഡി.എഫ്.ഒ ഷംസുദ്ദീനാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയത്.
ഷംസുദ്ദീന്റെ കുറിപ്പ് വായിക്കാം:
ഈ കഴിഞ്ഞ ജനുവരി ഏഴാം തീയതി എന്റെ മകൻ ബൈക്കിൽ സഞ്ചരിക്കുമ്പോൾ മഞ്ചേരി പോലീസ് ചെക്കിങ്ങിനു വേണ്ടി കൈ കാണിച്ചു.
യാത്ര രേഖകൾ പരിശോധിച്ചപ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ മകൻ എന്നെ ഫോൺ ചെയ്യുകയും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഫൈൻ ഇട്ടിട്ടുണ്ടെന്നും പൈസ അയച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ ആവശ്യപ്രകാരം 2000 രൂപ ഞാൻ അവന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ ചെയ്തു. ശേഷം മകന്റെ അക്കൗണ്ടിൽ നിന്ന് വാഹനം പരിശോധിച്ച ഉദ്യോഗസ്ഥനായ മഞ്ചേരി എസ്.ഐ അക്കൗണ്ടിലേക്ക് 2000 രൂപ ട്രാൻസ്ഫർ ചെയ്തു.
ദിവസങ്ങൾക്കുശേഷം മൊബൈലിൽ മെസ്സേജ് പരിശോധിക്കുമ്പോൾ പൊലൂഷൻ ഇല്ലാത്തതിന് 250 രൂപയുടെ റസീറ്റ് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ മകനെ വിളിച്ചു ശകാരിച്ചു. കാരണം 250 രൂപയുടെ ഫൈൻ അടക്കാൻ എന്തിനാണ് 2000 ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞത് എന്ന് ചോദിച്ചു. അപ്പോൾ മകൻ പറഞ്ഞത് 250 രൂപയുടെ റസീറ്റ് നൽകുകയുള്ളൂ. ബാക്കി പൈസ സർക്കാറിലേക്ക് ആണ് (1750) എന്നാണ് പോലീസുകാർ പറഞ്ഞത് എന്ന് മകൻ അറിയിച്ചു.
ഉടനെ ഞാൻ മഞ്ചേരി എസ്.ഐയുമായി ഫോണിൽ ബന്ധപ്പെട്ടു. കുറച്ചു ദിവസം മുമ്പ് നടന്നത് ആയതുകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുകയില്ല എന്നും, അങ്ങനെ 2000 വാങ്ങിക്കുകയില്ല എന്നും അറിയിച്ചു. അപ്പോൾ ഉടൻതന്നെ മകന്റെ മൊബൈലിൽ നിന്നും പൈസ അയച്ചു കൊടുത്തിട്ടുള്ള സ്‌ക്രീൻഷോട്ട് എസ്.ഐ ക്ക് അയച്ചുകൊടുത്തിട്ട് ഞാൻ റിട്ടയേർഡ് ഡി.എഫ്.ഒ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തപ്പോൾ മിനിറ്റുകൾക്കകം ക്ഷമാപണത്തോടെ 1750 രൂപ തിരിച്ചു ഗൂഗിൾ പേ ചെയ്തു തന്നു.
ഞാൻ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് ഉടൻതന്നെ വിഷയത്തിന് പരിഹാരമായി. ആദ്യം ഒരു സാധാരണ പൗരനായി സംസാരിച്ചപ്പോൾ തിരിച്ച് പോലീസായി പ്രതികരിച്ചു. ഉദ്യോഗസ്ഥനായി സംസാരിച്ചപ്പോൾ മാന്യമായി സംസാരിച്ചു. സാധാരണക്കാരന് എന്ന് നീതി പുലരും?