ന്യൂദല്‍ഹി- അദാനി വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. സര്‍ക്കാര്‍ അദാനിഗ്രൂപ്പിന് പ്രത്യേക പരിഗണന നല്‍കിയെന്ന ആരോപണം തള്ളിയ മന്ത്രി, വിഷയത്തില്‍ പ്രതിപക്ഷത്തിന്റേത് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ള നിലപാടാണെന്ന് വിമര്‍ശിക്കുകയും ചെയ്തു.
അദാനി ഗ്രൂപ്പിന് ഭൂമിയും തുറമുഖങ്ങളും നല്‍കിയത് ബി.ജെ.പി. സര്‍ക്കാരുകള്‍ അല്ലെന്ന് നിര്‍മല പറഞ്ഞു. ഞങ്ങള്‍ ഒന്നും കൊടുത്തിട്ടില്ല. വ്യക്തമായി പറഞ്ഞാല്‍, നരേന്ദ്ര മോഡി സര്‍ക്കാരിന് കീഴിലുള്ള എല്ലാ പദ്ധതികളും ടെന്‍ഡറുകളിലൂടെയാണ് നല്‍കിയിട്ടുള്ളത്- ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രാജസ്ഥാനിലും കേരളത്തിലും പശ്ചിമ ബംഗാളിലും ഛത്തീസ്ഗഢിലും അദാനി ഗ്രൂപ്പിന് പദ്ധതികള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി. സര്‍ക്കാരുകള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പിന് പദ്ധതികള്‍ ലഭിച്ചത് അവിടം ബി.ജെ.പി. ഇതര സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന കാലത്താണ്- നിര്‍മല കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെടുത്തി പ്രതിപക്ഷം ചര്‍ച്ചകള്‍ ഒഴിവാക്കുകയാണെന്നും നിര്‍മല ആരോപിച്ചു.