ന്യൂദല്‍ഹി- രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) നാഗ്പൂരിലെ ആസ്ഥാനത്ത് ജൂണ്‍ ഏഴിനു നടക്കുന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി പങ്കെടുക്കും. ഇക്കാര്യം പ്രണബിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും ഉന്നത ആര്‍എസ്എസ് നേതാവും വ്യക്തമാക്കി. പരിശീലനം പൂര്‍ത്തിയാക്കുന്ന പുതിയ ആര്‍ എസ് എസ് പ്രചാരക്മാരെ അഭിസംബോധന ചെയ്യാനാണ് പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചതെന്നും ഇത് അദ്ദേഹം സ്വീകരിച്ചെന്നും ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞു. പരിപാടിയില്‍ പ്രണബ് സംബന്ധിക്കുമെന്നും രണ്ടു ദിവസം നാഗ്പൂരില്‍ തങ്ങുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു പാര്‍ട്ടി നേതാക്കളും ആര്‍.എസ്.എസിനെതിരെ ശക്തമായി നിലകൊള്ളുന്ന പശ്ചാത്തലത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിയുന്ന പ്രണബ് ആര്‍.എസ്.എസ് ആസ്ഥാനത്തെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ ജീവിതത്തിലുടനീളം കോണ്‍ഗ്രസുകാരനായ പ്രണബ് മാറിവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍, ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വിവിധ വകുപ്പുകളില്‍ കേന്ദ്ര മന്ത്രി പദവി വഹിച്ചയാളാണ്.
ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി വര്‍ഷങ്ങളായി പ്രണബിന് നല്ല ബന്ധമാണുള്ളതെന്നും പ്രണബ് രാഷ്ട്രപതിയായിരിക്കെ ഭാഗവതിനെ രണ്ടു മൂന്ന് തവണ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മുന്‍രാഷ്ട്രപതിയുടെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.
സംഘപരിവാര്‍ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ മൂന്ന് വര്‍ഷ പരിശീലനം പൂര്‍ത്തിയാക്കി പുറത്തുവിടുന്ന മുഴു സമയ ആര്‍എസ്എസുകാരാണ് പ്രചാരക്മാര്‍. മൂന്നാം വര്‍ഷ പരീശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തു വച്ചാണ് അവസാന ക്യാമ്പ്. ഈ പരിപാടിയിലാണ് പ്രണബ് സംസാരിക്കാന്‍ പോകുന്നത്.