തൊടുപുഴ- കട ബാധ്യതയെ തുടർന്ന് വിഷം കഴിച്ചു കൂട്ട ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന കുടുംബത്തിലെ അച്ഛനും അമ്മക്കും പിന്നാലെ പെൺകുട്ടിയും മരിച്ചു. ചിറ്റൂരിൽ വാടകക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണിയുടെ മകൾ സിൽന(21) യാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്നു. 30-നാണ് ദമ്പതികളെയും മകളെയും വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ നഗരത്തിൽ ബേക്കറി നടത്തിയിരുന്ന ആന്റണിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഇത്തരത്തിൽ പണം കൊടുക്കാനുള്ളവർ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ അവശനിലയിൽ കണ്ടെത്തിയത്. പിറ്റേന്ന് ജെസിയും ഈ മാസം ഒന്നിന് ആന്റണിയും മരിച്ചു. ഇവർ അടിമാലി ആനച്ചാലിൽ ആയിരുന്നു താമസം. പിന്നീടാണ് തൊടുപുഴയിലേക്ക് മാറിയത്.
തൊടുപുഴ അൽ അസ്ഹർ കോളജിലെ ബി.സി.എ വിദ്യാർഥിനിയാണ് സിൽന. ആന്റണിയുടെ മൂത്ത മകൻ സിബിൻ മംഗലാപുരത്ത് ജോലി ചെയ്യുകയാണ്.
ചിത്രം-സിൽന