Sorry, you need to enable JavaScript to visit this website.

ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോകത്ത് രണ്ടാമത് 

മുംബൈ- ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്കില്‍ അന്താരാഷ്ട്ര യാത്രയ്ക്ക് സൗകര്യമൊരുക്കുന്ന ലോകത്തെ 200 വിമാന കമ്പനികളുടെ പട്ടികയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ടാമതെത്തി. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് പറക്കാന്‍ സര്‍ക്കാര്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഈടാക്കുന്നത് കിലോമീറ്ററിന് ശരാശരി 5.4 രൂപ മാത്രമാണെന്ന് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സെര്‍ച്ച് എഞ്ചിനായ റോംറ്റുറയോ പുറത്തിറക്കിയ പ്രൈസിങ് റിപ്പോര്‍ട്ട് പറയുന്നു. കിലോമീറ്ററിന് ശരാശരി 4.7 രൂപ നിരക്കുള്ള എയര്‍ ഏഷ്യ എക്‌സ് ആണ് ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ രാജ്യാന്തര സര്‍വീസ് നടത്തുന്ന വിമാനം. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു പുറമെ മാതൃകമ്പനിയായ എയര്‍ ഇന്ത്യയും (റാങ്ക്-13) ഇന്‍ഡിഗോയും (5) ജെറ്റ് എയര്‍വേയ്‌സും (12) പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ട്. 

ബജറ്റ് വിമാനക്കമ്പനികളും ഫുള്‍ സര്‍വീസ് വിമാനക്കമ്പനികളും ഈ റാങ്കിങില്‍ ഒപ്പത്തിനൊപ്പമാണെന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര സര്‍വീസില്‍ ഈ ഇന്ത്യന്‍ കമ്പനികള്‍ക്കു പുറമെ ഇത്തിഹാദ് (6), റയന്‍എയര്‍ (7), ക്വന്റാസ്് (8), ഒമാന്‍ എയര്‍ (11), വോവ് എയര്‍ (9) എന്നീ കമ്പനികളും കുറഞ്ഞ ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ മുന്നിലുണ്ട്.

ആഭ്യന്തര സര്‍വീസുകള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള ലോകത്തെ 200 വിമാനക്കമ്പനികളുടെ പട്ടികയിലും ഇന്ത്യന്‍ കമ്പനികള്‍ മുന്നിലുണ്ട്. ഇന്‍ഡിഗോ ആണ് മുന്നില്‍. ലോകത്ത് 15-ാം സ്ഥാനം. എയര്‍ ഏഷ്യ ഇന്ത്യ (18), ഗോ എയര്‍ (20), വിസ്താര (29), സ്‌പൈസ് ജെറ്റ് (30) എന്നിവയാണ് മറ്റുള്ളവ. 

200 വിമാനക്കമ്പനികളുടെ 15 ലക്ഷം ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്താണ് കിലോമീറ്ററിന് ശരാശരി നിരക്ക് കണക്കാക്കിയത്. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ച ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കുകളെ അടിസ്ഥാനമാക്കിയാണ് താരതമ്യം നടത്തിയതെന്നും റോംറ്റുറയോ വ്യക്തമാക്കുന്നു.
 

Latest News