Sorry, you need to enable JavaScript to visit this website.

അടച്ചിട്ട വീടുകൾക്ക് നികുതി ഏർപ്പെടുത്തുന്നതിന് പിന്നിൽ ഇടതുജിഹാദി സഖ്യമെന്ന് കാസ

കൊച്ചി- കേരളത്തിലെ പുതിയ ബജറ്റിൽ അടച്ചിട്ട വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് പിന്നിൽ ഇടതു-ജിഹാദി സഖ്യമാണെന്ന് ക്രിസ്ത്യൻ വർഗീയ സംഘടനയായ കാസ(ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ). ഉടമസ്ഥർ കുടുംബസമേതം വിദേശത്തായതിനാൽ കേരളത്തിൽ ഏറ്റവും അധികം വീടുകൾ താമസമില്ലാതെ അടഞ്ഞു കിടക്കുന്നത്  ക്രിസ്ത്യൻ സമുദായത്തിന്റെ മാത്രമാണെന്നും അത് കൂടുതലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണെന്നും കാസ പറഞ്ഞു. 
ധാരാളം വീടുകളും പറമ്പുകളും ഫാം ഹൗസുകളും ഒക്കെ തന്നെ  താമസമില്ലാതെ അടഞ്ഞു കിടക്കുന്നുണ്ട്. ഈ വീടുകളും സ്ഥലങ്ങളും ചുളുവിലയ്ക്ക് വാങ്ങിയെടുക്കുക. അത്തരം വീടുകൾ ധാരാളമുള്ള ക്രിസ്ത്യൻ ഏരിയകളിലേക്ക് കടന്നു കയറുക എന്നുള്ള ജിഹാദികളുടെ ലക്ഷ്യത്തിന് സഹായം ചെയ്തു കൊടുക്കാനുള്ള നീക്കമാണ് കേരള സർക്കാർ ഇത്തവണത്തെ ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്നും കാസ ആരോപിച്ചു. 
കാസയുടെ ആരോപണം ഇങ്ങിനെ:

ഉടമസ്ഥർ വിദേശത്ത് ആയിരുന്നാലും കൃത്യമായി ഭൂനികുതിയും കെട്ടിടനികുതിയും അടയ്ക്കുന്നു. കറണ്ട് ചാർജും വാട്ടർ ചാർജും അടയ്ക്കുന്നു. അത്തരത്തിൽ സർക്കാരിന് കിട്ടാനുള്ളതെല്ലാം കൃത്യമായി കിട്ടിയിട്ടും അടഞ്ഞു കിടക്കുന്ന വീടുകൾ എന്തു ബുദ്ധിമുട്ടാണ് ഭരണകൂടത്തിന് ഉണ്ടാക്കുന്നത്. 
പിന്നെ എന്തിന്റെ പേരിലാണ് ഇത്തരത്തിൽ ഒരു പ്രത്യേക അധിക നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഉത്തരം ഒന്നേയുള്ളൂ. നിലവിൽ അടച്ചു കൊണ്ടിരിക്കുന്ന നികുതികൾക്ക് പുറമെ അധികനികുതി കൂടി വരുമ്പോൾ എന്തിന് ഇങ്ങനെ നികുതി കൊടുത്ത് ഇത് നാട്ടിൽ ഇട്ടിരിക്കുന്നു എന്ന ഒരു തോന്നൽ ഉടമസ്ഥനിൽ ഉണ്ടാക്കണം. അത്  വിൽക്കുവാൻ  അയാളെ നിർബന്ധിതനാക്കണം. എന്നിട്ട് ഞമ്മന്റെ ആളുകൾക്ക് അത് വാങ്ങണം , അതിനുള്ള ഇടനിലക്കാരന്റെ കമ്മീഷൻ പ്രദേശത്തെ സഖാക്കന്മാർക്ക് ലഭിക്കണം. അതുമാത്രമാണ് ലക്ഷ്യം.
ഒരാൾ ഒരു വാഹനം വാങ്ങിച്ചു കഴിഞ്ഞാൽ വർഷാവർഷം അതിൻറെ എല്ലാ നികുതികളും അടയ്ക്കുന്നുണ്ട്. അയാൾ അത് ഓടിക്കണോ വേണ്ടയോ എന്നുള്ളത് അയാളുടെ തീരുമാനമാണ്. ഓടിക്കാതെ ഇട്ടിരുന്നാൽ അതിന് അധിക നികുതി കൊടുക്കണം എന്നു പറയുന്നത് എന്ത് ന്യായമാണ്?. വീട്ടുടമസ്ഥൻ എല്ലാ നികുതികളും കൃത്യമായി മറ്റുള്ളവരെ പോലെ അടയ്ക്കുന്നുണ്ട്. വിദേശത്തുനിന്നും വരുന്ന അയാളുടെ പണത്തിന് അല്ലാതുള്ള നികുതിയും സർക്കാരിന് ലഭിക്കുന്നുണ്ട് . അയാൾ  ചിലപ്പോൾ വർഷത്തിൽ ഒരു പ്രാവശ്യം വരും. ചിലപ്പോൾ ആറുമാസം കൂടി വരും. അതൊന്നും സർക്കാർ നോക്കേണ്ട കാര്യമില്ല. ഈ തീരുമാനം ജിഹാദികൾക്ക് വേണ്ടിയുള്ളതാണെന്ന് എല്ലാവരെയും പോലെ അരി ആഹാരം തന്നെ കഴിക്കുന്ന ക്രിസ്ത്യാനികൾക്ക് മനസ്സിലാവും. അതുകൊണ്ടുതന്നെ ഈ അന്യായത്തിനെതിരെ കോടതിയെ സമീപിക്കും. ഏതറ്റം വരെയും പോകും.
 

Latest News